Asianet News MalayalamAsianet News Malayalam

നികുതി വെട്ടിച്ചാല്‍ ഇനി എട്ടിന്‍റെ പണി, ഈ വാഹനങ്ങളില്‍ പുതിയ സംവിധാനം!

ഈ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കാന്‍ ഇനിമുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും

FASTag Of Goods Vehicles Connect With New System For GST
Author
Trivandrum, First Published May 20, 2021, 2:23 PM IST

ജിഎസ്‍ടി ഉള്‍പ്പെടെയുള്ള നികുതി വെട്ടിപ്പുകള്‍ തടയുന്നതിന് വാണിജ്യ വാഹനങ്ങളില്‍ പുതിയ സംവിധാനവുമായി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ജിഎസ്‍ടിക്കു കീഴിലുള്ള ഇലക്‌ട്രോണിക് വേ ബിൽ ( ഇ-വേ ബിൽ) സംവിധാനം വാഹനങ്ങളിലെ ഫാസ്‍ടാഗും ആർഎഫ്ഐഡിയു (റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ ഡിവൈസ്) മായി ബന്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇനിമുതല്‍ ചരക്കുവാഹനങ്ങൾ തൽസമയം നിരീക്ഷിക്കുന്നതിനും ജിഎസ്‍ടി വെട്ടിപ്പ് തടയുന്നതിനും അധികൃതര്‍ക്ക് എളുപ്പം സാധിക്കും.

ഇതോടെ ഇ-വേ ബിൽ ഇല്ലാതെ ടോൾ പ്ലാസകൾ വഴി പോകുന്ന വാഹനങ്ങളെ വേഗതയില്‍ തിരിച്ചറിയാന്‍ സാധിക്കും. നികുതി വെട്ടിച്ച് കടത്തുന്ന ഉത്പന്നങ്ങളും കണ്ടെത്തുന്നതിനും സംശയകരമായ രീതിയിൽ ഇ-വേ ബിൽ ജനറേറ്റ് ചെയ്‍തിട്ടുള്ള വാഹനങ്ങൾ വളരെ വേഗത്തിൽ കണ്ടെത്തുന്നതിനും പുതിയ സംവിധാനം സഹായകമാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സജ്ജീകരണമനുസരിച്ച് സംസ്ഥാന-ദേശീയ ഹൈവേകളിലെ ടോൾ പ്ലാസകൾ വഴി കടന്നുപോകുന്ന വാണിജ്യ വാഹനങ്ങളുടെ വിവരങ്ങൾ ഇ-വേ ബിൽ സിസ്റ്റത്തിൽ ലഭിക്കും. എണ്ണൂറിലധികം ടോൾ പ്ലാസകളിൽനിന്ന്‌ പ്രതിദിനം ശരാശരി 25 ലക്ഷത്തോളം ചരക്കുവാഹനങ്ങളുടെ വിവരങ്ങൾ ഇ-വേ ബിൽ സംവിധാനത്തിൽ രേഖപ്പെടുത്തും. തൽസമയ ആർ.എഫ്.ഐ.ഡി. (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ്) വിവരങ്ങളും ഈ രീതിയിൽ ഇ-വേ ബിൽ സിസ്റ്റത്തിൽ ലഭിക്കും. നികുതി ഉദ്യോഗസ്ഥർക്ക് ഇ-വേ ബിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ വിവരങ്ങൾ പരിശോധിക്കാനും സാധിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജിഎസ്‍ടിക്കു കീഴിൽ 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള നികുതി ബാധകമായ ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനാണ് ഇ-വേ ബിൽ നിർബന്ധമാക്കിയിട്ടുള്ളത്. നിലവില്‍ സ്വർണത്തിന് ഇ-വേ ബിൽ ബാധകമല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios