കാറിനകത്ത് കീ മറന്നു വച്ചതിനെ തുടര്‍ന്ന് ഒരു വയസുകാരി കാറില്‍ കുടുങ്ങി. വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ പിതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ചൂടേറ്റും ശ്വാസം മുട്ടിയും കുഞ്ഞ് മരിച്ചു. അമേരിക്കയിലെ ലാസ് വേഗാസിലാണ് ഞെട്ടിക്കുന്ന സംഭവം. 

നിസാന്‍ അള്‍ട്ടിമ കാറിലാണ് കുട്ടി കുടുങ്ങിയത്  എന്ന് ഡയലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സായ എന്ന ഒരു വയസുകാരിക്കാണ് പിതാവിന്‍റെ പിടിവാശി മൂലം ജീവന്‍ നഷ്‍ടമായത്. കാറിനകത്ത് കീ മറന്ന വച്ചെന്നും  ഗ്ലാസ് തുറക്കാൻ ഉടനെ മെക്കാനിക്കിനെ വിളിക്കണമെന്നും  സിഡ്‍നി ഡീൽ തന്റെ സഹോദരനെ ഫോണിൽ വിളിച്ചു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മെക്കാനിക്ക് ആവശ്യപ്പെട്ട പണം നല്‍കാന്‍ സിഡ്‍നി തയ്യാറായില്ല. കുട്ടി കാറിനകത്തിരുന്ന് ഉറങ്ങുകയാണെന്നും എയർകണ്ടീഷൻ വർക്ക് ചെയ്യുന്നുണ്ടെന്നും പറഞ്ഞ സിഡ്‍നി അനാസ്ഥ തുടര്‍ന്നു. തുടർന്ന് സഹോദരൻ പൊലീസിനെ വിവരമറിയിച്ചു. 

പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കാറിന്റെ വിൻഡോ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ ചില്ലുകൾ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പൊലീസ് സിഡ്‍നിയോട് ആവശ്യപ്പെട്ടു. എന്നാൽ പുതിയ കാറാണ് ഇതെന്നും ചില്ലുകൾ പൊട്ടിച്ചാൽ  അത് നന്നാക്കാൻ തന്റെ കയ്യിൽ പണമില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി.

ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചു വിൻഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് 27കാരനായ സിഡ്‍നി ഡീലിനെ പൊലീസ് അറസ്റ്റ് ചെയ്‍തു

അമേരിക്കയിൽ ഈ വര്‍ഷം മാത്രം കാറില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിക്കുന്ന 23 -ാമത്തെ സംഭവമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്താകെ പലപ്പോഴും ഇത്തരം അനാസ്ഥകള്‍ കരുന്നുമരണങ്ങളില്‍ കലാശിക്കുന്ന വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയാത്തതാണ് ഇതിനൊക്കെ കാരണം. ഈ അശ്രദ്ധയ്‍ക്കും അജ്ഞതയ്ക്കുമൊക്കെ വലിയ വില കൊടുക്കേണ്ടി വരും.

അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.