നമ്മുടെ റോഡുകളിൽ നിത്യം പൊലിയുന്നത് എത്ര ജീവനാണ്? പലരും കാറോ ബൈക്കോ ഒന്നും ഓടിക്കാനുള്ള പ്രായം തികഞ്ഞിട്ടില്ലാത്ത, ലൈസൻസില്ലാത്ത പതിനാറും പതിനേഴുമൊക്കെ വയസ്സുള്ള കുട്ടികൾ. ആരാണ് അവരുടെ കൈകളിലേക്ക് ഈ 200-220 സിസിയുള്ള ബൈക്കുകൾ വാങ്ങി അതിന്റെ താക്കോൽ വെച്ചു കൊടുക്കുന്നത്? 

മാർച്ച് 11 -ന് പുലർച്ചെ എറണാകുളത്തെ മഹാത്മാ ഗാന്ധി റോഡിൽ അത്തരത്തിൽ ഒരു മത്സരയോട്ടത്തിനും, അതിന് ദുരന്തം കുറിച്ച ഒരു ആക്‌സിഡന്റിനും നിർഭാഗ്യവശാൽ സാക്ഷ്യം വഹിക്കേണ്ടി വന്ന സാക്ഷ്യം വഹിക്കേണ്ടി വന്നത് ദാമോദർ രാധാകൃഷ്ണൻ എന്ന മാധ്യമപ്രവർത്തകനാണ്.  "100/120കിലോമീറ്റർ വേഗത്തിലായിരുന്നു ബൈക്കുകൾ. ബൈക്ക് റേസ് ആയിരുന്നുവെന്ന് പോലീസുകാർ അദ്ദേഹത്തോട് പറഞ്ഞു. മരിച്ച പതിനേഴു കാരന്റെ കയ്യിൽ ഒരു കാറിന്റെ കീയുമുണ്ടായിരുന്നു.വീട്ടിൽ നിന്നിറങ്ങിയത് കാറിലാവാം. മത്സരത്തിൽ ജയിക്കാൻ നടത്തിയ ഓട്ടത്തിൽ ജയിച്ചു ഒരാൾ. ഒടുവിൽ എല്ലാം അവസാനിച്ചപ്പോൾ, മത്സരം ജയിച്ച യോദ്ധാവ് തലയ്ക്കു പിന്നിൽ പടർന്ന ചോരയണിഞ്ഞു മലർന്നു കിടന്നു.അന്നേരം 17 തികഞ്ഞു കാണില്ലവന്.

അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന രണ്ടുപേർ ആദ്യം ആശുപത്രിയിലെത്തി. പരിഭ്രമത്തോടെ അത്യാഹിത വിഭാഗത്തിൽ കയറിപ്പോയി. രണ്ടാമന്റെ രക്ഷകർത്താക്കളാണ്. പിന്നീട് വന്നവർ മൂന്ന് പേർ. ഒന്നാമന്റെ അമ്മ, പെങ്ങൾ, ചേട്ടൻ. ഒരു നിലവിളിയിൽ ചങ്ക് തുളഞ്ഞു. ഫ്രീസറിലെ തണുപ്പ് കാരണം ആ നിലവിളി അവൻ കേട്ടില്ല..." ഒരു മൂകസാക്ഷിയായി ആ സങ്കടം ഈ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത് കണ്ടു നിന്ന അദ്ദേഹം അത് ഫേസ്‌ബുക്കിൽ ഒരു കുറിപ്പായി പോസ്റ്റുചെയ്തു. 

പോസ്റ്റിന്റെ പൂർണ്ണരൂപം 

കച്ചേരിപ്പടിയിൽ വച്ച് തന്റെ കാർ മറികടന്നു പോയ രണ്ട് ബൈക്കുകളുടെ അമിത വേഗം കണ്ടു കിടുങ്ങിപ്പോയ ആ ചെറുപ്പക്കാരൻ സൗത്തിൽ വച്ച് അവരിൽ ഒരു ജോഡിയോട് ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന ഞാൻ ഇറങ്ങി ചെല്ലുന്നത്. "നിങ്ങൾ കാരണമാണ് അവർക്കിത് വന്നതെ"ന്നവൻ അവരെ ചൂണ്ടി ഒച്ചയിട്ടു. അല്പമകലെ മീഡിയനിൽ ഇടിച്ചു മറിഞ്ഞ ഒരു ബൈക്ക്, പാതിയിരുട്ടിൽ മുങ്ങിക്കിടപ്പുണ്ട്. ഒപ്പം ഓടിച്ചയാൾ എന്ന് തോന്നിക്കുന്ന ഒന്നാമൻ ചലനമറ്റ് കിടക്കുന്നു. ആരൊക്കെയോ ചേർന്ന് ചാരിയിരുത്തിയ രണ്ടാമന്റെ മുഖം ചോരയാൽ നനഞ്ഞു.

വല്ലാത്ത ഒരു കാഴ്ചയായിരുന്നു അത്.

ഒന്നും ചെയ്യാനില്ലാതെ നിസ്സഹായനായി ഞാൻ തിരിച്ചു നടന്നു. കാൽച്ചുവട്ടിൽ ഭൂമി പിന്നോട്ട് തെന്നി. 

ആദ്യം ആംബുലൻസും പിന്നാലെ പോലീസുമെത്തി. അവർ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത കാർഡിൽ നിന്നാണ് അവൻ ജനിച്ച വർഷം 2003ന്നെന്ന് മനസിലായത്.
അറിയാമോ, 2003 എന്നാണ് അവന്റെ ഡേറ്റ് ഓഫ് ബർത്ത്. 2020 മാർച്ച്‌ 11 വെളുപ്പിന് മൂന്ന് മണിക്ക് എറണാകുളത്തെ മഹാത്മാ ഗാന്ധി റോഡിൽ, മത്സരം ജയിച്ച യോദ്ധാവ് തലയ്ക്കു പിന്നിൽ പടർന്ന ചോരയണിഞ്ഞു മലർന്നു കിടന്നു.അന്നേരം 17 തികഞ്ഞു കാണില്ലവന്.

നിങ്ങൾക്കറിയുമോ,ഇറക്കിവയ്ക്കാൻ ഇടമില്ലാത്ത മറ്റൊരു ഭാരം ചങ്കിൽ വച്ചു നിൽക്കുകയായിരുന്നു ഞങ്ങൾ. ദൃക്സാക്ഷികൾ പറഞ്ഞതനുസരിച്ച്, 100/120കിലോമീറ്റർ വേഗത്തിലായിരുന്നു ബൈക്കുകൾ. ബൈക്ക് റൈസ് ആയിരുന്നുവെന്ന് പോലീസുകാർ പറഞ്ഞു. മരിച്ച പതിനേഴു കാരന്റെ കയ്യിൽ ഒരു കാറിന്റെ കീയുമുണ്ടായിരുന്നു. വീട്ടിൽ നിന്നിറങ്ങിയത് കാറിലാവാം.
മത്സരത്തിൽ ജയിക്കാൻ നടത്തിയ ഓട്ടത്തിൽ ജയിച്ചു ഒരാൾ.

അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന രണ്ടുപേർ ആദ്യം ആശുപത്രിയിലെത്തി. പരിഭ്രമത്തോടെ അത്യാഹിത വിഭാഗത്തിൽ കയറിപ്പോയി. രണ്ടാമന്റെ രക്ഷകർത്താക്കളാണ്.
പിന്നീട് വന്നവർ മൂന്ന് പേർ. ഒന്നാമന്റെ അമ്മ, പെങ്ങൾ, ചേട്ടൻ.


ഒരു നിലവിളിയിൽ ചങ്ക് തുളഞ്ഞു.


ഫ്രീസറിലെ തണുപ്പ് കാരണം ആ നിലവിളി അവൻ കേട്ടില്ല.


അറിയുമോ, പ്രായപൂർത്തിയാവാത്ത എത്ര മത്സരാർത്ഥികൾ ഇങ്ങിനെ, സ്ഥിരമായി നമ്മുടെ ആശുപത്രികളിൽ അച്ഛനമ്മമാരുടെയും കൂടപ്പിറപ്പുകളുടെയും നിലവിളികളാകുന്നുവെന്ന്?
രാജ്യത്തിനുവേണ്ടി പൊരുതുന്ന പട്ടാളത്തെക്കാൾ അധികം. മഹാമാരികളിൽ മരിക്കുന്നവരെക്കാളധികം. അതിഭീകരമായ പ്രകൃതിക്ഷോഭങ്ങളിൽ പൊലിയുന്നതിലധികം. എന്നവസാനിക്കും ഈ നിലവിളി?