കൊവിഡ് 19 വൈറസ് ഏറ്റവുമധികം നാശം വിതച്ച ലോക രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. കൊറോണയെ തുടര്‍ന്ന് ഇറ്റലിയില്‍ ഇതിനകം 5000 പേരാണ് മാത്രം മരിച്ചത്. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ദുര്‍ഘടമായിരിക്കുന്ന രാജ്യത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫെറാരി. 

പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 82 കോടി രൂപ) 150 വെന്റിലേറ്ററുകളും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെറാരി രാജ്യത്തിന് നല്‍കുന്നത്.  വൈറസ് ബാധയ്ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ഫെരാരി കുടുംബമായ അഗ്‌നേലിയാണ് ഇറ്റാലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് ഇവ കൈമാറിയത്. 

ഇറ്റലിക്ക് പുറത്തുനിന്നാണ് 150 വെന്റിലേറ്ററുകള്‍ രാജ്യത്തെത്തിക്കുന്നത്. ഇത് ഇറ്റലിയുടെ പല ഭാഗങ്ങളിലേക്കായി എത്തിക്കും. രാജ്യത്തിലെ പല ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനായും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളും ഫെരാരി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈറസ് ബാധയെ തുടര്‍ന്ന് ഫെറാരി വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് മാര്‍ച്ച് 28 വരെ നിര്‍മാണ യൂണിറ്റ് അടച്ചിടുമെന്നാണ് ഫെരാരി അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ പടര്‍ന്നതോടെ  ഇറ്റാലിയന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാണ് ഫെറാരിയുടെ മാരനെല്ലോയിലെയും വടക്കന്‍ എമിലിയ മൊമാന മേഖലയിലെ മൊഡേനയിലെയും ശാലകള്‍ ഇതുവരെ പ്രവര്‍ത്തനം തുടര്‍ന്നത്. വാഹന നിര്‍മാണമൊഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട് സംവിധാനങ്ങളിലൂടെ തുടരുമെന്നും ഫെറാരി വ്യക്തമാക്കി. 

കമ്പനി ജീവനക്കാര്‍ക്ക് ആര്‍ക്കും തന്നെ ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും ഫെറാരി അറിയിച്ചു. ശാലയുടെ പ്രവര്‍ത്തനം മുടങ്ങുന്ന ദിനങ്ങളിലും ജീവനക്കാര്‍ക്കു പൂര്‍ണ വേതനം നല്‍കുമെന്നു ഫെറാരി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്‍റ് അടച്ചിടുന്ന ദിവസങ്ങളില്‍ ഡേ ഓഫ് അലവന്‍സ് വിനിയോഗിക്കാനും നിര്‍ബന്ധിക്കില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. പ്ലാന്‍റുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന ഇടവേളയില്‍ വൈറസ് പ്രതിരോധത്തിനുള്ള ഊര്‍ജിത നടപടികള്‍ സ്വീകരിക്കാനും ഫെറാരി തയാറെടുക്കുന്നുണ്ട്. 

ഇറ്റലി പൂര്‍ണമായും അടച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 ആളുകളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മാത്രം മരണത്തിന് കീഴടങ്ങിയത്.