ഇറ്റാലിയൻ സൂപ്പർ കാര്‍ നിർമാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യന്‍ വിപണിയിലെത്തി. കാറിന്റെ അടിസ്ഥാന വകഭേദത്തിനു രാജ്യത്തെ ഷോറൂം വില 3.61 കോടി രൂപയാണ്. ഫെറാരിയുടെ മുംബൈ, ഡൽഹി ഷോറൂമുകൾ റോമയ്ക്കുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്.

എൻജിൻ മുന്നിലും, റിയർ  വീൽ ഡ്രൈവ് ലേ ഔട്ടുമായെത്തുന്ന സ്പോർട്സ് കാറിൽ മുന്നിലും പിന്നിലും രണ്ടു വീതം സീറ്റുകളാണുള്ളത്. 

ഇരട്ട ടർബോ ചാർജർ സഹിതമെത്തുന്ന 3.9 ലീറ്റർ വി എയ്റ്റ് എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എൻജിൻ 620 ബി എച്ച് പിയോളം കരുത്തും 760 എൻ എം ടോർക്കും മാത്രമാണു റോമയില്‍ സൃഷ്ടിക്കുക. ഈ കാറിലെയും ട്രാൻസ്മിഷൻ ‘എസ് എഫ് 90 സ്ട്രാഡേലി’ൽ അരങ്ങേറിയ എട്ടു സ്പീഡ്, ഇരട്ട ക്ലച് ഗീയർബോക്സ് ആണ്. വെറും 3.4 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘റോമ’യ്ക്കാവുമെന്നാണ് സൂചന.

മുന്നിലും പിന്നിലും രണ്ടു വീതം സീറ്റുകളുണ്ടെങ്കിലും പിൻസീറ്റ് യാത്ര കുട്ടികൾക്കു മാത്രമാവും സാധ്യമാവുക. സ്പർശം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ബട്ടനുകൾ സഹിതമാണു കാറിലെ സ്റ്റീയറിങ് വീൽ എത്തുന്നത്. സെന്റർ കൺസോളിലായി ടാബ്ലറ്റ് ശൈലിയിലുള്ള 8.4 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ ഇടംപിടിക്കുന്നു.. 16 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററുമുണ്ട്. മണിക്കൂറിൽ 320 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.