Asianet News MalayalamAsianet News Malayalam

മാരുതിയെയും ടാറ്റയെയുമൊക്കെ താരമാക്കിയ ആ എഞ്ചിന്‍ ഇനിയില്ല!

ഇന്ത്യന്‍ വാഹന ലോകത്ത് ഒരു യുഗത്തിന് അന്ത്യമാകുന്നു

Fiat 1.3 litre multijet diesel engine stop production
Author
Mumbai, First Published Feb 4, 2020, 12:29 PM IST

ഒരു കാലത്ത് മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ക്ക് ഡീസല്‍ കാര്‍ വിപണിയില്‍ ചുവടുറപ്പിച്ചത് 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചാണ്. സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ്, ബലേനോ, പ്രീ-ഫേസ്‌ലിഫ്റ്റ് സിയാസ്, മുന്‍ തലമുറ എര്‍ട്ടിഗ, ഉല്‍പ്പാദനം അവസാനിപ്പിച്ച റിറ്റ്‌സ് എന്നീ മോഡലുകള്‍ ഈ മോട്ടോര്‍ ഉപയോഗിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഇന്‍ഡിഗോ ഇസിഎസ്, ഇന്‍ഡിഗോ മാന്‍സ, ഇന്‍ഡിക്ക വിസ്റ്റ തുടങ്ങിയ കാറുകള്‍ക്കും 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ കരുത്തേകി.

എന്നാല്‍ ഇന്ത്യയില്‍ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്നത് ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റ് അവസാനിപ്പിച്ചു. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഫിയറ്റിന്റെ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, മള്‍ട്ടിജെറ്റ് എന്‍ജിന്‍ നിർത്തലാക്കുമെന്ന് സൂചന നേരത്തെ ഉണ്ടായിരുന്നു. എന്‍ജിന്‍ കയ്യൊഴിയുമെന്ന് 2017 സെപ്റ്റംബറില്‍ ഫിയറ്റ് പ്രഖ്യാപിച്ചിരുന്നു. ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിക്കുന്നതിന് വലിയ ചെലവ് വരുമെന്നതായിരുന്നു കാരണം. 

ഇതോടെ ഒരു യുഗത്തിനാണ് സമാപനമായത്. ഭേദപ്പെട്ട പ്രകടനം, മികച്ച വിശ്വാസ്യത, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവയായിരുന്നു 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്റെ മുഖമുദ്ര. ടോര്‍ബോ ലാഗുള്ള എന്‍ജിന്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും, 1248 സിസിയില്‍ എത്തിയിരുന്ന ഈ എന്‍ജിന്‍ ഒരോ വാഹന നിര്‍മാതാക്കളും അവകുടെ വാഹനത്തിന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ട്യൂണിങ്ങില്‍ മാറ്റം വരുത്തിയിരുന്നു.

അവസാന യൂണിറ്റ് ജനുവരി 23 നാണ് പുറത്തിറക്കിയത്. ഇതുവരെ 8,00,050 യൂണിറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് ഫിയറ്റ് നിര്‍മിച്ചത്. എഫ്‌സിഎ ഇന്ത്യ ഓട്ടോമൊബീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ബിഎസ് 4 പാലിക്കുന്ന 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിന്റെ അവസാന യൂണിറ്റ്  നിര്‍മിച്ചതായി ഫിയറ്റ് വക്താവ് പ്രസ്താവിച്ചു.

അടുത്ത പത്ത് വര്‍ഷത്തേക്ക് എല്ലാ എഫ്‌സിഎ അംഗീകൃത വര്‍ക്ക്‌ഷോപ്പുകളിലും സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭ്യമായിരിക്കുമെന്ന് വക്താവ് അറിയിച്ചു. ഈ ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് വര്‍ഷങ്ങളായി ഇന്ത്യയിലെ നിരവധി ജനപ്രിയ വാഹനങ്ങള്‍ക്ക് കരുത്തേകുന്നത്. ഫിയറ്റിന്റെ വാഹനങ്ങള്‍ക്ക് പുറമെ, മാരുതി, ടാറ്റ, ഷെവര്‍ലെ തുടങ്ങിയ വാഹനനിര്‍മാതാക്കള്‍ക്ക് ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ച് നല്‍കിയിരുന്നത് ഫിയറ്റ് തന്നെയായിരുന്നു. പല കമ്പനികളില്‍ നിന്നായി പുറത്തിറങ്ങിയ 9,60,719 വാഹനങ്ങളില്‍ ഇന്നും ഈ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. 
 

Follow Us:
Download App:
  • android
  • ios