കൊവിഡ് 19 വൈറസ് അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ വെന്‍റിലേറ്ററും മാസ്‍കും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ലോകത്തെ പല വാഹന നിര്‍മ്മാതാക്കളും. 

വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുമെന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി മാസ്‌കുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍. കമ്പനി സിഇഒ മൈക്ക് മാന്‍ലി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഫിയറ്റിന്റെ ഏഷ്യയിലെ ഒരുവിഭാഗം ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പത്ത് ലക്ഷം മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അടുത്ത ആഴ്ചയോടെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഫിയറ്റ് നടത്തിയിട്ടില്ല. ജീപ്പ് ഉള്‍പ്പെടെ ഐക്കണിക്ക് ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് ഫിയറ്റ് ക്രൈസ്ലര്‍ അഥവാ എഫ്‍സിഎ.

ഇറ്റലില്‍ കൂടുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും വെന്റിലേറ്ററുകളും നിര്‍മിക്കുന്നതിനായി എഫ്‌സിഎ-ഫെരാരി കമ്പനികളുടെ മാതൃസ്ഥാപനമായ അഗ്നേലി ഇറ്റലിയിലെ എന്‍ജിനീയറിങ്ങ് ഗ്രൂപ്പായ സിയാറെയുമായി ചര്‍ച്ചകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഫെറാരികഴിഞ്ഞ ദിവസം 10 മില്ല്യണ്‍ യൂറോയുടെ സഹായം ഇറ്റലിക്ക് നല്‍കിയിരുന്നു.

പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 82 കോടി രൂപ) 150 വെന്റിലേറ്ററുകളും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെറാരി രാജ്യത്തിന് നല്‍കുന്നത്.  വൈറസ് ബാധയ്ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ഫെറാരിയുടെ ഉടമസ്ഥരായ അഗ്നേലി കുടുംബം  അഗ്‌നേലി ഇറ്റാലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് ഇവ കൈമാറിയത്. 

വൈറസ് ബാധയെ നേരിടുന്നതിനായി മഹീന്ദ്ര ഗ്രൂപ്പ് വെന്റിലേറ്ററുകൾ നിർമ്മിക്കുമെന്നും മഹീന്ദ്ര റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറാണെന്നും കമ്പനി മേധാവി ആനന്ദ് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു.

മഹീന്ദ്ര ഗ്രൂപ്പിലെ തങ്ങളുടെ ഉൽ‌പാദന സൌകര്യങ്ങൾ ഉപയോഗിച്ച് എങ്ങനെ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാമെന്നതിനെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മഹീന്ദ്ര ഹോളിഡേയിലെ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ സൗകര്യങ്ങളാക്കി മാറ്റാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.