അമേരിക്കന്‍ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് (എഫ്സിഎ) ഹൈദരാബാദിൽ ഗ്ലോബൽ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നു. ഇതിനായി കമ്പനി 15 കോടി ഡോളർ (1,100 കോടി രൂപ) നിക്ഷേപം നടത്തിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് വടക്കേ അമേരിക്കയ്ക്കു പുറത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബാണ് ഇത്. കമ്പനിയുടെ ആഗോള ആവശ്യങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നത്. അടുത്തവർഷം അവസാനത്തോടെ 1000 പേർക്ക് തൊഴിൽ അവസരം ലഭിക്കുമെന്നും വരും വർഷങ്ങവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാമെന്നും എഫ്സിഎ ചീഫ് ഇൻഫർമേഷൻ ഓഫിസർ (നോർത്ത് അമേരിക്ക ആൻഡ് ഏഷ്യ പസഫിക്) മമതാ ചമർതി പറഞ്ഞു.

കൂടുതൽ നവീനമായ് പ്രൊജക്ടുകൾ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് വേഗത്തിൽ നടപ്പാക്കനാണ് കമ്പനിയുടെ പദ്ധതി. ആഗോളതലത്തിലും ഇന്ത്യയ്ക്കകത്തും എഫ്സിഎയുടെ എല്ലാ ഓട്ടമോട്ടീവ് പ്രോജക്ടുകളും ഡിജിറ്റലൈസ് ചെയ്യുക അതോടൊപ്പം വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ലെഗസിയിൽ നിന്ന് ഡിജിറ്റലിലേക്ക് മാറുക എന്നതാണ് എഫ്‌സി‌എ ഐസിടി ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും കമ്പനി വ്യക്തമാക്കുന്നു. 

കമ്പനിയുടെ ഇന്ത്യയിലെ പ്രധാന മോഡലുകളിലൊന്നാണ് ജീപ്പ് കോംപസ്. ഇന്ത്യന്‍ വാഹന ലോകത്ത് വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് മൂന്നുവര്‍ഷം മുമ്പാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.