ജർമൻ ഐക്കണിക്ക് സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ ഐതിഹാസിക മാനങ്ങളുള്ള കാറാണ് പോര്‍ഷെ 911. ഈ ശ്രേണിയിലെ അവസാന കാർ കൊവിഡ് 19 രോഗബാധിതർക്കായി സമർപ്പിക്കാൻ ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ വിറ്റു കിട്ടുന്ന വരുമാനം കൊവിഡ് 19 ചികിത്സാ നിധിയിലേക്ക് നല്‍ക്നാണ് കമ്പനിയുടെ തീരുമാനം.

കമ്പനി രേഖകളിൽ 991 സീരീസ്’ എന്ന വിളിപ്പേരുള്ള 911 ശ്രേണിയിലെ അവസാന സ്പീഡ്സ്റ്റർ ആണ് ലേലത്തിനെത്തുക. അടിസ്ഥാന വില നിശ്ചയിക്കാതെ നടക്കുന്ന ലേലത്തിൽ നിന്നു ലഭിക്കുന്ന തുക പൂർണമായും ‘കോവിഡ് 19’ ബാധിതർക്ക് ആശ്വാസം പകരാനുള്ള യുണൈറ്റഡ് വേ വേൾഡ് വൈഡ് ഫണ്ടിനു കൈമാറുമെന്നാണു പോർഷെയുടെ വാഗ്ദാനം.  ആർ എം സോത്ത്ബീസ് വഴിയാണ് ലേലം.

ഏപ്രില്‍ 15 മുതൽ 22 വരെ നടക്കുന്ന ലേലത്തില്‍ അമേരിക്കക്കാര്‍ക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക. കോണ്യാക് ലതർ ഇന്റീരിയറിനൊപ്പം ഹെറിറ്റേജ് ഡിസൈൻ പാക്കേജും നാച്ചുറലി ആസ്പിറേറ്റഡ് എൻജിനോടെയെത്തുന്ന അവസാന മോഡലെന്നു വിലയിരുത്തപ്പെടുന്ന ഈ കാറിന്റെ പ്രധാന പ്രത്യേകത. 2011 നിരത്തിലെത്തിയ ‘911’ ഉൽപ്പാദനം കമ്പനി കഴിഞ്ഞ വർഷം ഡിസംബർ 20ന് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു.

ലേലത്തിൽ വിജയിക്കുന്ന ആള്‍ക്ക് ജർമനിയിലെ പോർഷെ ഡവലപ്മെന്റ് സെന്റർ സന്ദർശിക്കാനും അവസരമുണ്ടാവും. പോർഷെ നോർത്ത് അമേരിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ക്ലോസ് സെൽമെറാവും കാറിന്റെ താക്കോൽ കൈമാറുക. കൂടാതെ പോർഷെ 911 ലൈൻ മേധാവി ഡോ ഫ്രാങ്ക് സ്റ്റീഫൻ വാലിസറുമായും ജി ടി കാഴ്സ് മേധാവി ആൻഡ്രിയാസ് പ്രിയൂണിജറുമായും വിജയിക്ക് സംവദിക്കാനും അവസരമൊരുക്കും. ജേതാവിനു കാറിന്റെ ഷാസി നമ്പർ കൊത്തിയ പോർഷെ ഡിസൈൻ ക്രോണോഗ്രാഫ് വാച്ചും സമ്മാനമായി നല്‍കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.