പിന്നിലിരുന്ന മക്കള്‍ ഹെല്‍മറ്റ് ധരിപ്പിക്കാത്തതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനെ പൊലീസ് പിടികൂടി. തുടര്‍ന്ന് ഇയാള്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.

ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പിന്നിലിരുന്ന മക്കളെ ഹെല്‍മറ്റ് ധരിപ്പിച്ചില്ലെന്ന് മാത്രമല്ല വാഹനത്തിന്റെ രേഖകളും ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഇതോടെ പൊലീസ് വലിയ തുക പിഴയിട്ടു. എന്നാല്‍ പിഴയൊടുക്കാന്‍ തയാറാകാതെ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു ബൈക്കുടമ. താന്‍ വളരെ കുറഞ്ഞ വേഗത്തിലാണ് വാഹനം ഓടിച്ചതെന്നും ഇതിന് ഹെല്‍മറ്റ് ആവശ്യമില്ലെന്നുമായിരുന്നു ബൈക്കുടമയുടെ വാദം.

പുതിയ ഗതാഗത നിയമത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പിഴകളില്‍ ആദ്യം ഇളവുവരുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.