സാംസങ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാറുകൾക്ക് തീപിടുത്ത സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഫോർഡ്, സ്റ്റെല്ലാന്റിസ്, ഫോക്‌സ്‌വാഗൺ തുടങ്ങിയ കമ്പനികൾ 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു.
ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് അതിന്റെ സ്‍മാർട്ട്‌ഫോൺ, ബാറ്ററി സാങ്കേതികവിദ്യയ്ക്ക് ലോകമെമ്പാടും പ്രശസ്‍തമാണ്. കമ്പനി ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുക മാത്രമല്ല, ലോകത്തിലെ പല മുൻനിര വാഹന നിർമ്മാതാക്കൾക്കും ബാറ്ററി സാങ്കേതികവിദ്യ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇപ്പോഴിതാ സാംസങ് ബാറ്ററി സാങ്കേതികവിദ്യ വിതരണം ചെയ്യുന്ന കാർ കമ്പനികൾ തീപിടുത്ത സാധ്യത നേരിടുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കാരണത്താൽ ഇപ്പോൾ വിവിധ കാർ കമ്പനികൾ അവരുടെ 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോർഡ്, സ്റ്റെല്ലാന്റിസ്, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ സാംസങ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന കാറുകൾ തിരിച്ചുവിളിച്ചു. ഈ ഘടകങ്ങൾ വിതരണം ചെയ്ത സാംസങ്ങിന്റെ ഉയർന്ന വോൾട്ടേജ് ബാറ്ററി സാങ്കേതികവിദ്യയാണ് ഈ തിരിച്ചുവിളിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. 1,80,196 കാറുകളിലെ തീപിടുത്ത സാധ്യതയെക്കുറിച്ച് കമ്പനി ഇപ്പോൾ മുന്നോട്ട് വന്ന് പ്രഖ്യാപിച്ചു.
ബാധിക്കുന്നത് ഏതൊക്കെ കാറുകളെ?
അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ഈ ബാറ്ററി പായ്ക്കുകളിലെ സെപ്പറേറ്ററുകൾക്ക് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ഹൈ വോൾട്ടേജ് സെൽ നിർമ്മാണ പ്രക്രിയയിൽ സെപ്പറേറ്റർ ലെയറിൽ ചില പിഴവുകൾ കണ്ടെത്തിയതായും അതിനാലാണ് ഈ പ്രശ്നം കാണുന്നതെന്നും ഫോർഡിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ഈ തിരിച്ചുവിളി നിരവധി ഫോർഡ് കാറുകളെ ബാധിച്ചിട്ടുണ്ട്. ഇതിൽ എസ്കേപ്പ് മോഡലുകൾ (2020-2024 കാലയളവിൽ നിർമ്മിച്ചത്), ലിങ്കൺ കോർസെയർ (2021-2024 കാലയളവിൽ നിർമ്മിച്ചത്) എന്നിവ ഉൾപ്പെടുന്നു. ഫോക്‌സ്‌വാഗൺ കാറുകളെ സംബന്ധിച്ചിടത്തോളം, ഫോക്‌സ്‌വാഗൺ, സാംസങ്ങ് എന്നിവർ ഇതുവരെ ഈ വിഷയത്തിൽ ഒരു വിവരവും പങ്കുവെച്ചിട്ടില്ല. 2022-ൽ നിർമ്മിച്ച ഓഡി A7 ഉം 2022-2023 കാലയളവിൽ നിർമ്മിച്ച ഓഡി Q5 ഉം ഫോക്‌സ്‌വാഗൺ തിരിച്ചുവിളിക്കുന്ന കാറുകളിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു.
ഫ്രഞ്ച് കാർ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ വാഹനങ്ങളെയാണ് ഈ തിരിച്ചുവിളി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 2020-2024 കാലയളവിൽ സ്റ്റെല്ലാന്‍റിസിന്‍റെ കീഴിലുള്ള ജീപ്പ് ബ്രാൻഡ് നിർമ്മിച്ച ജീപ്പ് റാംഗ്ലർ 4XE യുടെ ഏകദേശം 1,50,096 യൂണിറ്റുകളെയും 2022-2024 കാലയളവിൽ നിർമ്മിച്ച ജീപ്പ് ഗ്രാൻഡ് ചെറോക്കി 4XE യെയും ഈ തിരിച്ചുവിളി ബാധിക്കുമെന്ന് സാംസങ്ങ് അറിയിച്ചു. ഈ രണ്ട് വാഹനങ്ങളിലും പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു.
ഈ കാറുകൾക്ക് ഇനി എന്ത് സംഭവിക്കും?
ഈ പ്രശ്നത്തിന് ഇതുവരെ ഉടനടി പരിഹാരമില്ലെന്ന് സാംസങ് പറയുന്നു. എങ്കിലും, ഈ തിരിച്ചുവിളി ബാധിച്ച ഫോർഡ് കാറുകളിൽ 'ഇപ്പോൾ സുരക്ഷിതമായി നിർത്തുക' എന്ന തലക്കെട്ടുള്ള ഒരു സന്ദേശം പോപ്പ്-അപ്പ് ചെയ്യും. വാഹനത്തിന്റെ സിസ്റ്റം എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ ഉടൻ തന്നെ ഡ്രൈവറെ അറിയിക്കുന്ന ഒരു സംവിധാനമാണിത്. അങ്ങനെ അവർക്ക് വാഹനം നിർത്താൻ കഴിയും. അതേസമയം ഫോക്‌സ്‌വാഗൺ, സ്റ്റെല്ലാന്റിസ് വാഹനങ്ങൾക്ക് ഇതുവരെ അത്തരം വിവരങ്ങളൊന്നും പങ്കിട്ടിട്ടില്ല.

