Asianet News MalayalamAsianet News Malayalam

തുടക്കം മിന്നിച്ച് സ്വകാര്യ ട്രെയിന്‍, ആദ്യമാസത്തെ ലാഭം ഇത്രയും ലക്ഷം!

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ സ്വകാര്യ ട്രെയിനിന്‍റെ തുടക്കം മികച്ചതാണെന്ന് കണക്കുകള്‍

First private train of Indian Railway Tejas get Rs 70 lakh profit in first month
Author
Delhi, First Published Nov 12, 2019, 9:34 AM IST

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസായ ലഖ്‌നൗ-ദില്ലി തേജസ് ആദ്യമാസം സ്വന്തമാക്കിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനം നേടി. 

ഐആര്‍സിടിസിയുടെ  കീഴില്‍ ഒക്‌ടോബര്‍ 5നാണ് തേജസ് സര്‍വ്വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ് ട്രെയിന്‍ ഓടുന്നത്. ആദ്യദിവസം മുതല്‍ ശരാശരി 80-85 ശതമാനം സീറ്റുകളും നിറഞ്ഞ നിലയിലാണ് സര്‍വീസ് നടക്കുന്നത്. ഒക്‌ടോബര്‍ 5 മുതല്‍ ഒക്‌ടോബര്‍ 28 വരെയുള്ള ഇരുപത്തിയൊന്നു ദിവസം ട്രെയിന്‍ ഓടിക്കുന്നതിന് ഏകദേശം 3 കോടി രൂപയാണ് ഐആര്‍സിടിസി ചെലവഴിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള ട്രെയിന്‍ ഓടിക്കാന്‍ പ്രതിദിനം ശരാശരി 14 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ യാത്രക്കാരുടെ നിരക്കില്‍ നിന്ന് ശരാശരി 17.50 ലക്ഷം രൂപ നേടി. ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ സ്വകാര്യ ട്രെയിനിന്‍റെ തുടക്കം മികച്ചതാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. 

കോംബിനേഷന്‍ ഭക്ഷണം, 25 ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ്, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം തുടങ്ങിയ ധാരാളം ആനുകൂല്യങ്ങള്‍ ഈ സര്‍വ്വീസില്‍ ഐആര്‍സിടിസി യാത്രക്കാര്‍ക്കായി നല്‍കുന്നുണ്ട്. 

ലോകോത്തര നിലവാരത്തിലേക്ക് 50 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാരെ തങ്ങളുടെ നെറ്റ്‌വര്‍ക്കിലെ 150 ട്രെയിനുകളുടെ നടത്തിപ്പില്‍ പങ്കാളിത്തം നല്‍കാനുമുള്ള റെയില്‍വേയുടെ പദ്ധതിയുടെ ഭാഗമാണ് തേജസ് എക്‌സ്പ്രസ്.

സ്വകാര്യ ട്രെയുകളുടെ പ്രവര്‍ത്തനത്തിനും സ്റ്റേഷന്‍ വികസന പദ്ധതികള്‍ക്കുമായി സെക്രട്ടറി തലത്തില്‍ ഒരു പ്രത്യേക ദൗത്യ സേന സര്‍ക്കാര്‍ കഴിഞ്ഞ മാസം രൂപീകരിച്ചിട്ടുണ്ട്. തേജസ് വിജയകരമായി മുന്നോട്ടുപോയാല്‍ സമാനമായ തരത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ സ്വകാര്യ പങ്കാളികളുമായി ചേര്‍ന്ന് റെയില്‍വേ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios