Asianet News MalayalamAsianet News Malayalam

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് കാർ വാങ്ങി; മത്സ്യത്തൊഴിലാളിയുടെ റേഷൻ കാര്‍ഡ് വെള്ളയായി!

അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കി

Fisher Woman Ration Card Cancelled For Bought A Car For Disabled Childs Treatment
Author
Trivandrum, First Published Jul 3, 2021, 9:07 AM IST

തിരുവനന്തപുരം: അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നീണ്ടകര സ്വദേശിയായ മത്സ്യത്തൊഴിലാളിയായ ഗംഗയാണ് പരാതിക്കാരി.  75 ശതമാനം അംഗപരിമിതയായ കുട്ടിയുടെ ചികിത്സാര്‍ത്ഥമാണ് കാര്‍ വാങ്ങിയതെന്ന് കുടുംബം പറയുന്നു.

ഭിന്നശേഷിക്ക് പുറമേ അപസ്‍മാരംകൂടിയുള്ള മകളെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് കുടുംബം പറയുന്നു. ബസിലോ ട്രെയിനിലോ കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കാർ വാങ്ങിയത്. എന്നാല്‍ കാർ ഉടമ ആയതോടെ മുൻഗണനാവിഭാഗത്തിലുള്ള കാർഡ് സ്വയം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അതോടെ മുൻഗണയില്ലാത്ത വെള്ളക്കാർഡായി മാറിയെന്നും കുടുംബം പറയുന്നു.

എന്തായാലും സംഭവം ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. മന്ത്രി ജി ആർ അനിലിന്റെ ഫോൺ ഇൻ പരിപാടിയിൽ കുടുംബം പരാതി നല്‍കി. ഇതിനെത്തുടർന്ന്, കാർഡ് മടക്കിനൽകുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ മന്ത്രി സുഖമില്ലാത്ത മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഒരു കാർ എടുത്തെന്നുകരുതി മുൻഗണനാവിഭാഗത്തിൽനിന്ന് ഒഴിവാക്കില്ലെന്നും കുടുംബത്തെ അറിയിച്ചു. 

റേഷന്‍ കാര്‍ഡ് മുൻഗണനാവിഭാഗത്തിൽ കടന്നുകൂടിയ അനർഹർക്ക് ഒഴിവാകാൻ ഈമാസം 15 വരെ സമയം നൽകിയിട്ടുണ്ട്. ആരെയും നിർബന്ധിച്ച് പിൻമാറ്റേണ്ടതില്ലെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. വ്യാഴാഴ്ചവരെ 69,873 പേർ സ്വയം ഒഴിവായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios