2024ലെ അഞ്ച് പ്രധാന കാർ ലോഞ്ചുകൾ
ഇന്ത്യൻ വാഹന വിപണിക്ക് സുപ്രധാന വർഷമായിരുന്നു 2024. ഇതാ 2024ൽ നടന്ന അഞ്ച് പ്രധാന കാർ ലോഞ്ചുകളെ പരിചയപ്പെടാം
സുപ്രധാന കാർ ലോഞ്ചുകൾ നടന്ന വർഷമായിരുന്നു 2024. അതിൽ എസ്‍യുവികളും ഇലക്ട്രിക്ക് വാഹനങ്ങളും ഒക്കെ ഉൾപ്പെടുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന എസ്‍യുവി ഭ്രമം കണക്കിലെടുത്ത് കോംപാക്ട് എസ്‍യുവികളും ഓഫ് റോഡിംഗ് എസ്‍യുവികളും ഉൾപ്പെടെ നിരവധി മോഡലുകൾ വിപണിയിലേക്ക് ഒഴുകിയെത്തി. എന്നാൽ ഈ പ്രവണതയ്ക്കിടയിലും സെഡാൻ സെഗമെന്‍റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കും വിപണി സാക്ഷ്യം വഹിച്ചു. ഇതാ 2024ൽ നടന്ന ചില പ്രധാന കാർ ലോഞ്ചുകൾ
മഹീന്ദ്ര ഥാർ റോക്സ്
മഹീന്ദ്ര ഫാൻസ് ഏറെ കാത്തിരുന്ന അഞ്ച് ഡോർ ഥാർ മോഡലായ റോക്സ് 2024 ഓഗസ്റ്റ് 15നാണ് വിപണിയിൽ അവതരിപ്പിച്ചത്. 12.99 ലക്ഷം രൂപ മുതലാണ് ഥാർ റോക്സിന്‍റെ വില. ഈ അഞ്ച് ഡോർ എസ്‌യുവി ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ 1.76 ലക്ഷത്തിലധികം ഓർഡറുകൾ നേടിയിരുന്നു. 177PS പവറും 380Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ എഞ്ചിൻ 6 സ്പീഡ് MT, 6 AT ഗിയർബോക്‌സ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 6-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയുണ്ട് .
സുരക്ഷയ്ക്കായി, ഥാർ റോക്സിൽ ആറ് എയർബാഗുകൾ, ഇഎസ്‍സി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് ആൻഡ് ഡിസൻ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവയുണ്ട്. ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.
ടാറ്റ കർവ്വ്
കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഐസിഇ, ഇലക്ട്രിക്ക് എഞ്ചിൻ പവർട്രെയിനുമായി ടാറ്റ അവതരിപ്പിച്ച മോഡലാണ് കർവ്വ്. സ്‌മാർട്ട്, പ്യൂവർ, ക്രിയേറ്റീവ്, അച്ചീവ്ഡ് എന്നീ നാല് ട്രിമ്മുകളിൽ കർവ് ലഭ്യമാണ്. ടാറ്റ മോട്ടോഴ്‌സിൻ്റെ പുതിയ അറ്റ്‌ലസ് പ്ലാറ്റ്‌ഫോമിലാണ് കർവ് നിർമ്മിച്ചിരിക്കുന്നത്. ആദ്യം എത്തിയത് കഡർവ്വിന്‍റെ ഇലക്ട്രിക്ക് പതിപ്പായിരുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് ടാറ്റ കർവ് ഇവി വാങ്ങാം. ഒരെണ്ണത്തിന് 45kWh ബാറ്ററി പായ്ക്ക് ഉണ്ട്. രണ്ടാമത്തേത് 55kWh ബാറ്ററി പായ്ക്ക് ആണ്. ഇതിൻ്റെ ചെറിയ ബാറ്ററി പാക്കിന് 502 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും. വലിയ ബാറ്ററി പാക്കിന് 585 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്ന് കമ്പനി പറയുന്നു. വെറും 8.6 സെക്കൻഡിൽ ഈ ഇലക്ട്രിക് കാറിന് മണിക്കൂറിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. 160kmph ആണ് ഇതിൻ്റെ ഉയർന്ന വേഗത.
പുതിയ 1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉണ്ട്, അതിന് ഹൈപ്പീരിയൻ എന്ന് പേരിട്ടു. ഈ എഞ്ചിന് 124 bhp കരുത്തും 225 Nm ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 7-സ്പീഡ് DCA ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. പരമാവധി 117 bhp കരുത്തും 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ടാറ്റ കർവ് ലഭ്യമാണ്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും കൂടാതെ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിലുണ്ട്. ഡീസൽ എഞ്ചിനോടുകൂടിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ എസ്‌യുവിയാണ് ടാറ്റ കർവ്. ഡീസൽ പവർട്രെയിനിൻ്റെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് വേരിയൻ്റുകളിലും പാഡിൽ ഷിഫ്റ്ററുകൾ ലഭ്യമാണ്.
പുതിയ മാരുതി സുസുക്കി ഡിസയർ
ഈ വർഷത്തെ മറ്റൊരു പ്രധാന ലോഞ്ചായിരുന്നു മാരുതി സുസുക്കി ഡിസയർ. ജനപ്രിയ മങ്ങുന്ന സെഡാൻ സെഗ്മെന്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായിരുന്നു മാരുതി നടത്തിയത്. മാരുതി സുസുക്കിയുടെ ചരിത്രത്തിൽ ആദ്യമായി ക്രാഷ് ടെസ്റ്റിൽ ഫുൾ മാക്ക് നേടി എന്ന പേരുമായാണ് പുതിയ ഡിസയർ എത്തിയത്. 6.79 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിലാണ് മാരുതി സുസുക്കി ഡിസയർ പുറത്തിറക്കിയിരിക്കുന്നത്. 8.74 ലക്ഷം രൂപയാണ് ഡിസയർ സിഎൻജിയുടെ അടിസ്ഥാന എക്സ് ഷോറൂം വില. പുതിയ ഡിസയറിന് ആകെ ഏഴ് കളർ ഓപ്ഷനുകൾ ലഭിക്കുന്നു. പുതിയ Z-സീരീസ് 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ നൽകും. പുതിയ തലമുറ സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത, പരിഷ്‍കരിച്ച Z12E മോട്ടോർ 3-സിലിണ്ടർ എഞ്ചിൻ ആണിത്. 82 എച്ച്‌പി പവർ ഔട്ട്‌പുട്ടും 112 എൻഎം പരമാവധി ടോർക്കും ഇതിലുണ്ട്. ഏറ്റവും കാര്യക്ഷമമായ എഞ്ചിനുകളിൽ ഒന്നാണിതെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഈ എഞ്ചിന് പരമാവധി 80bhp കരുത്തും 112Nm പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ സാധിക്കും. പെട്രോൾ മാത്രമുള്ള മോഡലിന് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് ഏകദേശം 25 കിലോമീറ്റർ ലഭിക്കും. ഡിസയറിൻ്റെ സിഎൻജി പതിപ്പിന് ഒരു കിലോയ്ക്ക് 33.73 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും എന്നും കമ്പനി അഴകാശപ്പെടുന്നു.
സ്‍കോഡ കൈലാക്ക്
ചെക്ക് ആഡംബര വാഹന നിമ്മാതാക്കളായ സ്‍കോഡയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി കൈലാക്ക് നവംബറിൽ വിപണിയിൽ അവതരിപ്പിച്ചു. 7.89 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ പ്രാരംഭ വില. കുഷാക്കിനും സ്ലാവിയയ്ക്കും ശേഷം MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ സ്‌കോഡ മോഡലാണിത്. സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെൻ്റിൽ, ഹ്യൂണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സൺ, മഹീന്ദ്ര എക്‌സ്‌യുവി 3 എക്‌സ്ഒ, മാരുതി ബ്രെസ എന്നിവ ഉൾപ്പെടെ നിരവധി മോഡലുകൾക്കെതിരെ കൈലാക്ക് മത്സരിക്കും. സിംഗിൾ 1.0L, 3-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ലഭ്യമാകും. സ്‌കോഡ കൈലാക്ക് 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഗ്ദാനം ചെയ്യും. ടർബോചാർജ്ഡ് ഗ്യാസോലിൻ എഞ്ചിൻ 115 bhp കരുത്തും 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പുതിയ സ്കോഡ കോംപാക്ട് എസ്‌യുവി 10.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.
ഹോണ്ട അമേസ്
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ പുതിയ തലമുറ അമേസ് ഈ ഡിസംബർ 4-നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൻ്റെ എക്സ്-ഷോറൂം വില 7,99,900 രൂപയിൽ ആരംഭിക്കുന്നു. പുതുക്കിയ സബ്-ഫോർ-മീറ്റർ സെഡാൻ മൂന്ന് വേരിയൻ്റുകളിലും ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലും ലഭ്യമാണ്. 89 ബിഎച്ച്പി പവറും 110 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ള 1.2 ലിറ്റർ, 4 സിലിണ്ടർ i-VTEC പെട്രോൾ എൻജിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, സിവിടി യൂണിറ്റുകൾ ഉൾപ്പെടുന്നു. ഇതിൻ്റെ സിവിടി വേരിയൻ്റിൻ്റെ മൈലേജ് 19.46 കിമി ആണ്. ആറ് എയർബാഗുകൾ, ലെവൽ-2 എഡിഎഎസ് എന്നിങ്ങനെ നിരവധി നൂതന സുരക്ഷാ ഫീച്ചറുകൾ കമ്പനി ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ (ADAS) വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കാറാണ് അമേസ്. 2024 ലെവൽ 2 എഡിഎഎസ് സ്യൂട്ട്, ഡ്യുവൽ-ടോൺ കാബിൻ തീം, ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർ എസി വെൻ്റുകൾ, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകൾ ഹോണ്ട അമേസിൽ നൽകിയിട്ടുണ്ട്.