Asianet News MalayalamAsianet News Malayalam

കച്ചവടം മതിയാക്കി മടങ്ങിയ ഈ വണ്ടി തിരികെ വീണ്ടും ഇന്ത്യയിലേക്ക്!

അഞ്ച് സീറ്റര്‍ ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ തിരികെയെത്തും

Five seat Volkswagen Tiguan to make India comeback
Author
Mumbai, First Published May 16, 2020, 3:03 PM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍റെ ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന 7 സീറ്റര്‍ എസ് യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനുമായിട്ടാണ് വാഹനം എത്തിയത്. ഇതോടെ 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രം ലഭിച്ചിരുന്ന ടിഗ്വാന്‍ എന്ന 5 സീറ്റര്‍ എസ് യുവി ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു. 

എന്നാല്‍ 5 സീറ്റര്‍ ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ തിരികെയെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. ചെറിയ ടിഗ്വാന്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വിപണി അവതരണം നീണ്ടുപോയേക്കും. ഫേസ് ലിഫ്റ്റ് ചെയ്ത 2020 ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ ആയിരിക്കും ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തുന്നത്. ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതിന് പുതിയ ടിഗ്വാന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ആലോചന. അങ്ങനെയെങ്കില്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ വില്‍ക്കാന്‍ കഴിയും.

2007ല്‍ ആഗോള വിപണിയിലെത്തിയ വാഹനം 2017 മെയ് മാസത്തിലാണ് ഇന്ത്യന്‍ വിപണിയിൽ അരങ്ങേറിയത്. അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവിയാണ് ടിഗ്വാന്‍. ഇന്ത്യയിൽ 2 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ മോഡൽ മാത്രമേ ഉള്ളൂ ടിഗ്വാന്. ഇത് 143 ബിഎച്ച്പിയാണ്. 340 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 7 സ്പീഡ് ഡി സിഎസ്ജി ഓട്ടോമാറ്റിക് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സാണ് ടിഗ്വാനെ ചലിപ്പിക്കുന്നത്. 

ഡീസല്‍ എന്‍ജിനു പകരം സ്‌കോഡ കറോക്ക് ഉപയോഗിക്കുന്നതും 150 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതുമായ 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ ടിഗ്വാനില്‍ നല്‍കുന്നത്. പാഡില്‍ഷിഫ്റ്ററുകള്‍ സഹിതം 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് (ഡിഎസ്ജി) നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 48 വോള്‍ട്ട് ഹൈബ്രിഡ് വേരിയന്റ് പിന്നീട് അവതരിപ്പിച്ചേക്കും. ഇന്ത്യയില്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിക്കുന്ന ആദ്യ കണക്റ്റഡ് കാറായിരിക്കും പുതിയ ടിഗ്വാന്‍. വില പിടിച്ചുനിര്‍ത്തുന്നതിന് തുടക്കത്തില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് വേര്‍ഷന്‍ മാത്രമായിരിക്കും പുറത്തിറക്കുന്നത്.

മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റിലായിരിക്കും ടിഗ്വാന്‍ ഫേസ് ലിഫ്റ്റ് അസംബിള്‍ ചെയ്യുന്നത്. 23 ലക്ഷത്തിനും 26 ലക്ഷത്തിനുമിടയില്‍ വില പ്രതീക്ഷിക്കാം. ടിഗ്വാന്‍ ഓള്‍സ്‌പേസ് പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ആഗോളതലത്തില്‍ ഏറെ ജനപ്രീതി നേടിയ വിഡബ്ല്യു മോഡലാണ് ടിഗ്വാന്‍. ഫോക്‌സ് വാഗണിന്റെ ഗ്ലോബല്‍ ബെസ്റ്റ്‌സെല്ലറാണ് ടിഗ്വാന്‍. കഴിഞ്ഞ വര്‍ഷം ഒമ്പത് ലക്ഷത്തോളം യൂണിറ്റ് വില്‍പ്പന നടന്നു.


2020 മുതൽ എസ്‌യുവി വിഭാഗത്തിൽ സ്ഥിര സാന്നിധ്യമാവാൻ ശ്രമിക്കുന്ന ഫോക്‌സ്‌വാഗൺ അടുത്തിടെ ടിഗ്വാന്‍ ഓൾസ്‌പെയ്‌സ് പുറത്തിറക്കിയിരുന്നു. 2020 ഫെബ്രുവരിയില്‍ ദില്ലി ഓട്ടോ എക്സോപോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം പിന്നാലെ വിപണിയിലും എത്തി.  പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ലഭിക്കുന്നത്. ഈ 2.0 ലിറ്റര്‍, ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 190 എച്ച്പി പരമാവധി കരുത്തും 320 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായ 7 സ്പീഡ് ഡിഎസ്ജി എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പാഡില്‍ഷിഫ്റ്റര്‍ കൂടി നല്‍കി. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കി. 

ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സി‌ബി‌യു റൂട്ടിലൂടെയാണ് വാഹനത്തെ കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. 33.12 ലക്ഷം രൂപയാണ്  ഇന്ത്യയിലെ എക്‌സ് ഷോറൂം വില. 

Follow Us:
Download App:
  • android
  • ios