കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു നഗരത്തില്‍ പട്രോളിംഗിനിടെ കാര്‍ തടഞ്ഞ പൊലീസ് ഓഫീസര്‍ കണ്ടത് ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന അഞ്ചുവയസ്സുകാരനെ. ഒറ്റയ്ക്ക് എങ്ങനെ കാറോടിച്ച് അഞ്ചുവയസ്സുകാരന്‍ർ വീട്ടില്‍ നിന്ന് ഇറങ്ങിയെന്ന് മനസ്സിലാകാതെ ഒരു നിമിഷം പൊലീസ് ഓഫീസര്‍ ഞെട്ടി. 

ലംബോര്‍ഗിനി വാങ്ങി നല്‍കാന്‍ പിതാവ് തയ്യാറാകാത്തതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയതാണെന്നാണ് അന്വേഷിച്ചപ്പോള്‍ കുട്ടി നല്‍കിയ വിശദീകരണം. '' ഒറ്റയ്ക്ക് കാലിഫോര്‍ണിയയില്‍ പോയി ഒരു ലംബെര്‍ഗിനി വാങ്ങാനാണ് കാറെടുത്ത് ഇറങ്ങിയത്. എന്നാല്‍ കയ്യിലുണ്ടായിരുന്നത് മൂന്ന് ഡോളര്‍ (ഏകദേശം 227 രൂപ) മാത്രമായിരുന്നു''  - ഓഫീസര്‍ പറഞ്ഞു. 

ഉത്താഹ് ഹൈവെ പട്രോള്‍ സംഭവം ചിത്രം സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റ് വാഹനങ്ങളും ട്രക്കുകളും അമിത വേഗത്തില്‍ പോകുന്ന ഹൈവേയില്‍ ബുദ്ധിമുട്ടി കാറോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓഫീസര്‍ വാഹനം തടഞ്ഞത്. 

കുട്ടിയോട് പ്രായം ചോദിച്ചപ്പോള്‍ അഞ്ച് വയസ്സെന്നായിരുന്നു മറുപടി. എവിടെ നിന്നാണ് നീ വാഹനം ഓടിക്കാന്‍ പഠിച്ചതെന്ന് അദ്ദേഹം കുട്ടിയോട് ചോദിക്കുന്നതും ഹൈവേ പട്രോള്‍ പങ്കുവച്ച് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. കുട്ടിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരം വാഹനമോടിച്ചാണ് കുട്ടിയെത്തിയത്. കുട്ടിയുടെ മൂത്ത സഹോദരനാണ് അവനെ നോക്കിയിരുന്നത്. എന്നാല്‍ സഹോദരന്‍ ഉറങ്ങിയ തക്കത്തിന് വീട്ടില്‍ നിന്ന് എസ്‍യുവിയുടെ താക്കോല്‍ എടുത്ത് കുട്ടി ഇറങ്ങി പോരുകയായിരുന്നു. ലംബോര്‍ഗിനി വാങ്ങാനുള്ള യാത്രയില്‍ കുട്ടി ഒറ്റൊന്നും നശിപ്പിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.