ഹോളിവുഡിലെ ആക്ഷന്‍ ത്രില്ലറുകളിലും സയന്‍സ് ഫിക്ഷന്‍ സിനിമകളിലും കണ്ടിട്ടുള്ള പറക്കുന്ന ബൈക്കുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? വിദൂരഭാവിയിലെപ്പോഴോ സാധ്യമായേക്കുമെന്ന് കരുതി നമ്മള്‍ മാറ്റിവെച്ചിട്ടുള്ള ജെറ്റ് ബൈക്കുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും ! 

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെറ്റ്പാക്ക് ഏവിയേഷന്‍ എന്ന കമ്പനിയാണ് ഇതിന് പിന്നില്‍. 2020 ന്റെ തുടക്കത്തില്‍ ഇത്തരത്തിലുള്ള 20 ബൈക്കുകള്‍ വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിക്കഴിഞ്ഞു.

'സ്പീഡര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ജെറ്റ് ബൈക്കിന്റെ മാത്യകാരൂപം കാണിക്കുന്ന ഒരു വീഡിയോ കമ്പനി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ശക്തിയേറിയ അഞ്ച് ജെറ്റുകളാണ് ബൈക്കിനെ അന്തരീക്ഷത്തിലൂടെ പറക്കാന്‍ സഹായിക്കുക. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലേ തല്‍ക്കാലം കുതിച്ചുപോകാനാകൂ. വീഡിയോ ഗെയിമുകളിലെന്ന പോലെ ഒരു ത്രോട്ടിലും ഒരു ജോയ്‌സറ്റിക്കും ഉപയോഗിച്ച് വളരെ അനായാസമായി ഇവ പറപ്പിക്കാനാകും. 15,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് ജെറ്റ്പാക്ക് ഏവിയേഷന്റെ സി.ഇ.ഒ അറിയിച്ചു.

2016 ല്‍ അയണ്‍മാനെ പോലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്കു ചുറ്റും ജെറ്റ്പാക്ക് ഉപയോഗിച്ച് പറന്ന വിരുതനാണ് ജെറ്റ്പാക്ക് എയര്‍വേസിന്റെ സിഇഒ ഡേവിഡ് മേയ്മാന്‍. അദ്ദേഹമാണ് പറക്കും ബൈക്കുകള്‍ എന്ന ആശയത്തിനു പിന്നിലും.

പ്രതലത്തില്‍ നിന്നും കുത്തനെ മുകളിലേക്ക് ഉയര്‍ന്ന ഒരു നിശ്ചിത ഉയരത്തിലേക്കെത്തിയ ശേഷമാകും ജെറ്റ് ബൈക്ക് ലക്ഷ്യസ്ഥാനത്തേക്ക് പറക്കുക. എത്തേണ്ടയിടമാകുമ്പോള്‍ സ്ഥലം ലൊക്കേറ്റ് ചെയ്ത് അതേപടി കുത്തനെ താഴേക്കിറങ്ങുകയും ചെയ്യും. വിമാനങ്ങള്‍ പോലെ താഴേക്ക് ക്രമേണ ചരിഞ്ഞിറങ്ങാന്‍ സാധിക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. സുരക്ഷകാരണങ്ങളാലാണ് ഇങ്ങനെയൊരു പരിമിതി. ഡ്രൈവറിന് സമ്പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടാണ് കമ്പനി വാഹനം ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. ഓടിക്കുന്നയാള്‍ക്ക് അതിനുള്ള ധൈര്യമുണ്ടായിരിക്കണമെന്ന് മാത്രം.

നമ്മുടെ വീടിന്റെ മുറ്റത്തോ, ടെറസിലോ, അത്യാവശ്യം വലിയ മൈതാനങ്ങളിലോ വരെ ജെറ്റ് ബൈക്കുകള്‍ ഇറക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവ വിജയിച്ചാല്‍ ഭാവിയില്‍ പറക്കുന്ന കാറുകളും അധികം വൈകാതെ പ്രതീക്ഷിക്കാം. യൂബര്‍, എയര്‍ബസ്, വോളോകോപ്റ്റര്‍ തുടങ്ങിയ കമ്പനികള്‍ ഇവയുടെ നിര്‍മാണത്തിനുള്ള പണിപ്പുരയിലാണ്. ടാക്‌സി പോലെ ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്ത് യാത്ര ചെയ്യാനും സാധിക്കും.

2017ല്‍ ദുബായ് പോലീസ് പറക്കുന്ന ബൈക്കുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. സ്‌കോര്‍പ്പിയോണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സൈനികരംഗത്തും ഇതിന് വലിയ പ്രാധാന്യം കൈവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഉയരമേറിയ കെട്ടിടങ്ങളും ജനത്തിരക്കുമേറിയ നഗരങ്ങളില്‍ ഇവ എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

പ്രളയം പോലുള്ള പ്രക്യതിദുരന്തങ്ങളുണ്ടാകുമ്പോള്‍, ഹെലികോപ്റ്ററുകള്‍ക്ക് കടന്നുചെല്ലാനാകാത്ത ഇടങ്ങളില്‍ പോലും ഇത്തരം ജെറ്റ് ബൈക്കുകള്‍ക്ക് സുഗമമായി എത്തിപ്പെടാനാകും. 3,80,000 ഡോളറാണ് ഒരു സ്പീഡര്‍ ബൈക്കിന്റെ വില. ഇന്ത്യന്‍ രൂപ ഏതാണ്ട് രണ്ടരക്കോടിക്ക് മുകളില്‍ വരുമിത്. നമ്മുടെ അതിഥികള്‍ നമ്മുടെ വീട്ടുമുറ്റത്ത് പറന്നിറങ്ങുന്ന കാലം വിദൂരമല്ലെന്നര്‍ത്ഥം.