നിലവില്‍ 25,000 രൂപയാണ് മരിച്ചയാള്‍ക്ക് ലഭിക്കുന്ന നഷ്‍ടപരിഹാരത്തുക. ഇത് കൂട്ടാന്‍ കേന്ദ്രം. മാത്രമല്ല,  ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാൽ നഷ്‍ടപരിഹാരത്തുക വീണ്ടും ഉയരും

ദില്ലി: റോഡ് അപകടങ്ങളിൽ വാഹനം ഇടിച്ച് നിർത്താതെപോകുന്ന കേസുകളിൽ ഇടിയേറ്റയാൾക്ക് ജീവന്‍ നഷ്‍ടമായാല്‍ നഷ്‍ടപരിഹാരത്തുക ഉയര്‍ത്താനുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കേസുകളില്‍ നഷ്‍ടപരിഹാരം രണ്ടുലക്ഷം രൂപയായി ഉയർത്താനാണ് നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടം തയ്യാറായതായും ഗതാ​ഗതമന്ത്രാലയം വൈകാതെ ​ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ​

നിലവില്‍ 25,000 രൂപയാണ് മരിച്ചയാള്‍ക്ക് ലഭിക്കുന്ന നഷ്‍ടപരിഹാരത്തുക. ഗുരുതര പരിക്കുപറ്റിയ കേസുകളിൽ ഇനിമുതല്‍ 50,000 രൂപയായിരിക്കും നഷ്‍ടപരിഹാരത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അതേസമയം ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാൽ നഷ്‍ടപരിഹാരത്തുക വീണ്ടും ഉയരും. വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാൽ അഞ്ചു ലക്ഷം രൂപയായിരിക്കും നഷ്‍ടപരിഹാരം. അതുപോലെ ഗുരുതര പരിക്കേറ്റാൽ നഷ്‍ടപരിഹാരമായി രണ്ടരലക്ഷം രൂപ നൽകണം. ഇൻഷുറൻസ് കമ്പനികളാണ് തുക നൽകേണ്ടത്. 2019ൽ മാത്രം രാജ്യത്ത് ഇത്തരം അപകടങ്ങളിൽ 29,354 പേർക്ക് ജീവന്‍ നഷ്‍ടമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona