Asianet News MalayalamAsianet News Malayalam

മൊബൈല്‍ ക്ലിനിക്കുകളുമായി ഗ്രാമാന്തരങ്ങള്‍ സഞ്ചരിച്ച് ട്രാവലര്‍ കമ്പനി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്‍ത മഹാരാഷ്ട്രയില്‍ മൊബൈല്‍ ക്ലിനിക്ക് ഒരുക്കിയാണ് ട്രാവലര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയവാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‍സ് ശ്രദ്ധേയരാകുന്നത്.

Force Motors Deploys Mobile Dispensary In Maharashtra
Author
Pune, First Published Apr 28, 2020, 10:21 AM IST

രാജ്യത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക ശക്തമായ പിന്തുണയാണ് വാഹന ലോകത്തു നിന്നും ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ മുന്‍നിര വാഹന നിര്‍മ്മാതാക്കളും വിവിധതരത്തില്‍ സര്‍ക്കാരിന് കൈത്താങ്ങാകുന്നുണ്ട്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്‍ത മഹാരാഷ്ട്രയില്‍ മൊബൈല്‍ ക്ലിനിക്ക് ഒരുക്കിയാണ് ട്രാവലര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയവാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‍സ് ശ്രദ്ധേയരാകുന്നത്. 

ഫോഴ്‌സിന്റെ 30 ട്രാവലറുകളാണ് ആദ്യഘട്ടത്തില്‍ മൊബൈല്‍ ഡിസ്‌പെന്‍സറിയായത്. പൂണെയിലെ ഉള്‍പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലൂമാണ് ഫോഴ്‌സിന്റെ മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ എത്തുന്നത്.  ജീവന്‍മരക്ഷാ മരുന്നുകളും ഉപകരണങ്ങളും വാഹനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം എല്ലാ വാഹനത്തിലും ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും വിന്യസിപ്പിച്ചിട്ടുമുണ്ട്. 

ഏപ്രില്‍ ഒന്നിനാണ് ഫോഴ്‌സ് ഈ സേവനം ആരംഭിച്ചത്. 30 വാഹനങ്ങളുമായി തുടങ്ങിയെങ്കിലും വൈകാതെ ഇത് 50 വാഹനങ്ങളായി ഉയര്‍ത്തുകയായിരുന്നു. പ്രതിദിനം കുറഞ്ഞത് 2500 പേരില്‍ എങ്കിലും പരിശോധന നടത്താനാണ് ഫോഴ്‌സ് ശ്രമിക്കുന്നത്. പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളുമുള്ള ആളുകളെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 

പദ്ധതി 24 ദിവസം പിന്നിട്ടതോടെ 95,600 പേര്‍ക്ക് ചികിത്സ നല്‍കിയതായാണ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇതില്‍ കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 945 ആളുകളെ വിദഗ്ധ ചികിത്സയ്ക്കായി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും ഫോഴ്‌സ് അറിയിച്ചു. 

മൊബൈല്‍ ഡിസ്‌പെന്‍സറി ഒരുക്കിയതിന് പുറമെ കൊവിഡ് പ്രതിരോധത്തിന് 25 കോടി രൂപയുടെ ധനസഹായം നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫോഴ്‌സ് മോട്ടോഴ്‌സിന്റെയും ജയഹിന്ദ് ഇന്‍ഡസ്ട്രീസിന്റെയും മാതൃസ്ഥാപനമായ അഭയ് ഫിരോഡിയ ഗ്രൂപ്പാണ് 25 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. 

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൊബൈല്‍ ക്ലിനിക്ക് സംവിധാനം ഒരുക്കാനും ബ്ലെഡ് ബാങ്ക് കരുത്തുറ്റതാക്കാനുമുള്ള ലക്ഷ്യത്തിലാണ് ധനസഹായം നല്‍കുന്നതെന്ന് ചെയര്‍മാന്‍ ഡോ. അഭയ് ഫിരോഡിയ വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ പണം നല്‍കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാവലര്‍, ഗൂര്‍ഖ തുടങ്ങിയ വാഹന മോഡലുകളുടെ നിര്‍മ്മാതാക്കളാണ് പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളായ ഫോഴ്‍സ് മോട്ടോഴ്‍സ്. 

Follow Us:
Download App:
  • android
  • ios