ഫോര്‍ഡിന്റെ ഇക്കോസ്‍പോര്‍ട്ട് കോംപാക്ട് എസ്‍യുവി ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ഒത്തുചേരലിനാണ് തിരുവനന്തപുരം സാക്ഷിയായത്.
തിരുവനന്തപുരം: കാറുകളുടെ പേരിലുള്ള ക്ലബ്ബുകളും ഒത്തുകൂടലുകളും നാട്ടില്‍ ഇപ്പോള്‍ അത്ര അപൂര്‍വമല്ല. എന്നാല്‍ ഒരു പ്രത്യേക ബ്രാന്‍ഡ് കാറുകളുടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സംഗമത്തിന് കഴിഞ്ഞ ദിവസം തലസ്ഥാന നഗരം വേദിയായി. ഫോര്‍ഡിന്റെ ഇക്കോസ്‍പോര്‍ട്ട് കോംപാക്ട് എസ്‍യുവി ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ഒത്തുചേരലിനാണ് തിരുവനന്തപുരം സാക്ഷിയായത്.
മുന്നൂറോളം ഫോര്‍ഡ് എക്കോസ്‍പോര്‍ട്ട് കാറുകളായിരുന്നു ഞായറാഴ്‍ച കഴക്കൂട്ടം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ മെഗാ മീറ്റില്‍ സംഗമിച്ചത്. തലസ്ഥാന നഗരത്തിലുള്ളവരും ജോലിക്കും മറ്റുമായി തിരുവനന്തപുരത്ത് താമസിക്കുന്നവരുമായ എക്കോസ്‍പോര്‍ട്ട് ഉടമകളുടെ കൂട്ടായ്‍മയായ 'എക്കോസ് ട്രിവാന്‍ഡ്രം' ക്ലബ്ബ് അംഗങ്ങളാണ് തങ്ങളുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കാമായി ഒത്തുകൂടിയത്.

ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ചിട്ട് പോലും, ജനപ്രിയ വാഹനമായ എക്കോസ്‍പോര്‍ട്ട് എന്ന ബ്രാന്‍ഡിനോടുള്ള ഇഷ്‍ടം അല്‍പംപോലും ചോര്‍ന്നു പോവാതെ, കാറിനെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ കാണുന്ന വാഹനപ്രേമികളാണ് എക്കോസ് ട്രിവാന്‍ഡ്രത്തിലെ അംഗങ്ങള്‍.
വ്യത്യസ്‍ത കളറുകളിലുള്ള 290 എക്കോസ്‍പോര്‍ട്ടുകളാണ് നിരനിരയായി പാര്‍ക്കിങ് ഗ്രൌണ്ടില്‍ നിറഞ്ഞത്. ഉടമകളും കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കൂടി ആകെ ആയിരത്തോളം പേര്‍ ഈ സംഗമത്തിനെത്തി. തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. ഒരു കാര്‍ ബ്രാന്‍ഡിന്റെ പേരില്‍ ഇത്രയധികം പേര്‍ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നത് ആദ്യ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത നിയമങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി മാത്രമേ വാഹനം ഓടിക്കൂവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം ഇക്കോസ്‍ട്രിവാന്‍ഡ്രം അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. വിവിധ മത്സരങ്ങരങ്ങളില്‍ വിജയികളായവര്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. ഫോര്‍ഡ് ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് ഓപ്പറേഷന്‍സ് മേധാവി മനോജ് ദദിച്ച് ഓണ്‍ലൈനായി സംഗമനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയില്‍ ഉത്പാദനം നിര്‍ത്തിയെങ്കിലും ഫോര്‍ഡ് ഉപഭോക്താക്കള്‍ക്ക് സര്‍വീസിനോ വാറണ്ടിക്കോ സ്‍പെയര്‍ പാര്‍ട്സുകളുടെ ലഭ്യതയ്‍ക്കോ ഒരു തടസവുമുണ്ടാകില്ലെന്നും സര്‍വീസ് സെന്ററുകള്‍ പഴയതു പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ് അംഗങ്ങള്‍ക്കായുള്ള മത്സരങ്ങളും മറ്റ് സാസ്‍കാരിക പരിപാടികളും തുടര്‍ന്ന് നടന്നു. വിവിധ വാഹന ആക്സസറികള്‍ വിലക്കുറവോടെ സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന സ്റ്റാളുകളും അംഗങ്ങള്‍ക്കായി സജ്ജീകരിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഫോര്‍ഡ് ഡീലര്‍ ശൃംഖലയായ കൈരളി ഫോര്‍ഡിന്റെ പിന്തുണയോടെയായിരുന്നു പരിപാടി.
2019ലാണ് തലസ്ഥാനത്തെ എക്കോസ്‍പോര്‍ട്ട് ഉടമകളുടെ കൂട്ടായ്‍മയായ എക്കോസ് ട്രിവാന്‍ഡ്രം സ്ഥാപിതമായത്. ഇന്ന് തിരുവനന്തപുരത്തെ അറുനൂറിലധികം ഇക്കോസ്‍പോര്‍ട്ട് ഉടമകള്‍ ക്ലബ്ബിന്റെ ഭാഗമാണെന്ന് പ്രസിഡന്റ് നൌഫല്‍ ജെ.എസ് പറഞ്ഞു. സര്‍വീസ് സെന്ററുകള്‍ ഉള്‍പ്പെടെ ഓട്ടോമോട്ടീവ്, നോണ്‍ ഓട്ടോമോട്ടീവ് വിഭാഗങ്ങളില്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ക്ലബ്ബ് അംഗങ്ങള്‍ക്ക് നിരവധി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. തലസ്ഥാനത്തെ പ്രമുഖ സര്‍വീസ് സെന്ററുകള്‍ മുതല്‍ പ്രധാന റസ്റ്റോറന്റുകള്‍ വരെ ഈ ഇക്കോസ് ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ 'പ്രിവിലേജ് പാര്‍ട്ണര്‍മാരാണ്'. രൂപീകരണത്തിന് ശേഷം 2021 ഏപ്രിലില്‍ നടത്തിയ ആദ്യ സംഗമത്തില്‍ 138 എക്കോസ്‍പോര്‍ട്ടുകളാണ് പങ്കെടുത്തത്. ഒരു വര്‍ഷത്തിനപ്പുറം കഴിഞ്ഞ ദിവസം നടന്ന സംഗമനത്തില്‍ ഇത് 290 ആയി ഉയര്‍ന്നു.

സംസ്ഥാന തലത്തില്‍ ഇക്കോസ്‍പോര്‍ട്ട് ഓണേഴ്‍സ് കേരള എന്ന പേരിലും എക്കോസ്‍പോര്‍ട്ട് ഉടമകളുടെ കൂട്ടായ്‍മ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ അങ്കമാലിയില്‍ വെച്ചുനടന്ന ഇക്കോസ് കേരള മീറ്റില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഇക്കോസ്‍പോര്‍ട്ട് ഉടമകളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.
എന്താണ് ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്?
ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. സബ് -4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് എന്നതുകൊണ്ട് തന്നെ മലയാളികളുടെ പ്രിയ വാഹനമായും ഇക്കോസ്പോർട്ട് മാറി. ഫോർഡ് എന്ന കമ്പനിയേക്കാൾ ഇക്കോസ്പോർട്ട് ആയിരുന്നു മലയാളികളുടെ വികാരം. ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാക്കിയതും ഫോർഡ് ഇക്കോസ്പോർട്ട് ആണ്. ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കുന്നുണ്ട്.
2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.
ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ.

