Asianet News MalayalamAsianet News Malayalam

കമ്പനി ഘടിപ്പിച്ച സ്റ്റെപ്പിനി നിയമ വിരുദ്ധമെന്ന് പൊലീസ്, വട്ടംകറങ്ങി എക്കോസ്പോര്‍ട്ട് ഉടമ!

ഈ സ്റ്റെപ്പിനി അഥവാ സ്‌പെയർ വീൽ നിയമവിരുദ്ധമാണെന്ന് പൊലീസ്. രാജ്യത്തെ ഓരോ എക്കോസ്‌പോർട്ടും വിൽക്കുന്നത് ഇങ്ങനെയാണെന്നും താന്‍ ഒരു തരത്തിലുള്ള മോഡിഫിക്കേഷനും നടത്തിയിട്ടില്ലെന്നും ഉടമ

Ford Ecosport Stepney Issue by Traffic Police
Author
Mumbai, First Published Oct 2, 2019, 2:46 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ജനപ്രിയ വാഹനമാണ് എക്കോസ്‌പോർട്ട്. വാഹനത്തിന്‍റെ മുഖ്യ സവിശേഷതകളിലൊന്ന് പിന്നിലെ ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്റ്റെപ്പിനി ടയര്‍. എന്നാല്‍ ഈ സ്റ്റെപ്പിനി ടയര്‍ മൂലം പൊലീസിന്‍റെ കൈയ്യിലകപ്പെട്ട ഒരു എക്കോസ്പോര്‍ട്ടുടമയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കമ്പനിയില്‍ നിന്നും വരുമ്പോള്‍ തന്നെയുള്ള ഈ സ്റ്റെപ്പിനി അഥവാ സ്‌പെയർ വീൽ നിയമവിരുദ്ധമാണെന്നായിരുന്നു പൊലീസിന്‍റെ പ്രഖ്യാപനം. ടെയിൽ‌ഗേറ്റിലെ സ്റ്റെപ്പിനി അനധികൃത മോഡിഫിക്കേഷനാണെന്നും ഉടമയില്‍ നിന്നും പിഴ ഈടാക്കുമെന്നുമായിരുന്നു പൊലീസുകാരുടെ വാദം. പൊലീസിനെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഉടമ  ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സ്റ്റെപ്പിനി ഘടിപ്പിച്ച ടെയിൽ‌ഗേറ്റിന്റെ ഈ ക്രമീകരണം ഫാക്ടറിയിൽ നിന്ന് വരുന്നതാണെന്നും രാജ്യത്തെ ഓരോ എക്കോസ്‌പോർട്ടും വിൽക്കുന്നത് ഇങ്ങനെയാണെന്നും താന്‍ ഒരു തരത്തിലുള്ള മോഡിഫിക്കേഷനും നടത്തിയിട്ടില്ലെന്നും അയാൾ പൊലീസിനോട് ആവര്‍ത്തിക്കുന്നു. 

എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ റെക്കോർഡിംഗ് നിർത്താൻ പൊലീസുകാർ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.  സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ് ഈ വീഡിയോ. 

1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Ti-VCT പെട്രോള്‍, 1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിനുകളാണ് എക്കോസ്‌പോര്‍ട്ടിന്‍റെ ഹൃദയം. 121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.  5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് (പാഡില്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍. ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളിലാണ് വാഹനം എത്തുന്നത്. ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്‌പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍. 
 

Follow Us:
Download App:
  • android
  • ios