ഐക്കണിക്ക് അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡിന്റെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവി മോഡൽ ആണ് എക്കോസ്പോര്‍ട്ട്. ഇപ്പോഴിതാ വാഹനത്തിന്‍റെ വിലക്കുറവുള്ള ഓട്ടോമാറ്റിക് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 

പുതിയ ടൈറ്റാനിയം എടി വേരിയന്റിന് 10.66 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. ഇതുവരെ ലഭ്യമായിരുന്ന ഏക ഓട്ടോമാറ്റിക് വേരിയന്റ് ആയ ടൈറ്റാനിയം പ്ലസുമായി താരതമ്യം ചെയ്യുമ്പോൾ പുത്തൻ ഓട്ടോമാറ്റിക് വേരിയന്റിന് ഏകദേശം 90,000 രൂപ കുറവാണ്.

വിലക്കുറവുള്ള പുത്തൻ വേരിയന്റിൽ ചില പ്രീമിയം ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്. ടൈറ്റാനിയം പ്ലസ്സിൽ 6 എയർബാഗുകൾ ഉള്ളപ്പോൾ പുതിയ ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിയന്റിൽ ഡ്യുവൽ എയർബാഗ് ആണ്. പുത്തൻ വേരിയന്റിൽ നിന്നും സൺറൂഫ് ഒഴിവാക്കി. ഓട്ടോ ഹെഡ്‍ലാംപ്, ഓട്ടോ വൈപ്പർ, പിൻനിര യാത്രക്കാർക്ക് സെന്റർ ആംറെസ്റ്റ് എന്നിവയാണ് പുതിയ എക്കോസ്പോർട്ട് ടൈറ്റാനിയം എടിയിൽ ഒഴിവാക്കിയിട്ടുള്ള മറ്റുള്ള ഫീച്ചറുകൾ. 

ഫോർഡ്പാസ് ഇന്റർഫെയ്‌സുള്ള 9.0-ഇഞ്ച് ഇൻഫോടൈന്മെന്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, ഉയരം ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നീ ഫീച്ചറുകൾ പുത്തൻ ഓട്ടോമാറ്റിക് വേരിയന്റിലുണ്ട്. എയർബാഗുകൾ രണ്ടായി കുറഞ്ഞെങ്കിലും ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് കാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ പുത്തൻ ഇക്കോസ്പോർട്ട് ഓട്ടോമാറ്റിക് വേരിയന്റിലുണ്ട്.

120 ബിഎച്പി പവറും 149 എൻഎം ടോർക്കും നിർമ്മിക്കുന്ന ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്ര മാനദണ്ഡങ്ങൾ പാലിക്കുന്ന 3 സിലിണ്ടർ 1.5-ലിറ്റർ പെട്രോൾ എൻജിൻ ആണ് ഫോർഡ് ഇക്കോസ്പോർട്ടിന്റെ പെട്രോൾ മോഡലുകളുടെ ഹൃദയം. 100 ബിഎച്പി പവർ നിർമിക്കുന്ന 1.5-ലിറ്റർ ഡീസൽ എൻജിനിലും ഫോർഡ് ഇക്കോസ്പോർട്ട് ലഭ്യമാണെങ്കിലും ഡീസൽ എൻജിൻ മാന്വൽ ഗിയർബോക്‌സിൽ മാത്രമേ ലഭിക്കൂ. ടാറ്റ നെക്‌സൺ എഎംടി, ഹ്യുണ്ടേയ് വെന്യു ഡിസിടി, മാരുതി സുസുക്കി വിറ്റാര ബ്രെസ മൈൽഡ് ഹൈബ്രിഡ് എടി എന്നിവയാണ്  വിപണിയിൽ പുത്തൻ ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം എടിയുടെ എതിരാളികൾ.

എക്കോസ്പോട്ട് ഇന്ത്യയിലെത്തിയിട്ട് അടുത്തിടെ ഏഴ് വര്‍ഷം തികഞ്ഞിരുന്നു. 2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റുകളാാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച് എക്കോസ്പോർട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.

2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.  

8.04 ലക്ഷം മുതല്‍ 11.58 ലക്ഷം രൂപ വരെയാണ്  ഈ വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 13,000 രൂപ കൂടി. 4,700 രൂപ അധികം നല്‍കിയാല്‍ ഒരു ലക്ഷം കിമീ അല്ലെങ്കില്‍ പത്ത് വര്‍ഷ സര്‍വീസ് പാക്കേജും കമ്പനി വാഹനത്തിന് വാഗ്‍ദാനം ചെയ്യുന്നുണ്ട്. 

മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ. മത്സരം കടുത്തതോടെ പുതുതലമുറ എക്കോസ്പോര്‍ട്ടിന്റെ  പണിപ്പുരയിലാണ് നിര്‍മ്മാതാക്കളെന്നും വൈകാതെ തന്നെ പുത്തന്‍ വാഹനം വിപണിയില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.