ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ എൻ‌ഡവർ എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫോർഡ് എൻ‌ഡവർ സ്പോർട്ട് എന്ന് പേരുള്ള ഈ പുതിയ മോഡൽ രാജ്യത്തെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചതായാണ് സൂചന. എൻ‌ഡവർ സ്പോർട്ട് എഡിഷൻ 50,000 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാന സാധിക്കും. അതിനാൽ പുതിയ പതിപ്പിന്റെ അരങ്ങേറ്റം ഉടന ഉണ്ടാകുമെന്നാണ് സൂചന. ഇത് പൂർണമായും ലോഡുചെയ്ത ടൈറ്റാനിയം പ്ലസ് വേരിയന്റ് അടിസ്ഥാനമാക്കിയായിരിക്കും എത്തുക.

അതേസമയം വാഹനത്തിന്റെ സ്‍പൈ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അലോയ് വീലുകൾ, റൂഫ് റെയിലുകൾ, റേഡിയേറ്റർ ഗ്രിൽ, ഫെൻഡർ വെന്റുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, മിററുകൾ, ഫുട്ബോർഡുകൾ, ടെയിൽ‌ഗേറ്റ് എന്നിവയിൽ മോഡലിന് ഒരു സ്‌പോർട്ടി ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഫോർഡ് എൻ‌ഡവറിൽ അടുത്തിടെ നവീകരിച്ച ബിഎസ്-VI എഞ്ചിൻ തന്നെയാകും സ്പോർട്ട് എഡിഷനിലും ഒരുങ്ങുക. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനൊപ്പം10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും ജോടിയാക്കുക. ഇത് 170 bhp കരുത്തിൽ 420 Nm ടോർക്ക്  ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോമാറ്റിക് ഡേ / നൈറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പെടെ ടൈറ്റാനിയം പ്ലസ് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും സ്‌പോർട്ട് എഡിഷനിലും ഫോർഡ് വാഗ്‌ദാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

എന്‍ഡവര്‍ എസ്‍യുവിയുടെ പുതുക്കിയ ബിഎസ്6 പതിപ്പിനെ 2020 ഫെബ്രുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.  വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടെ ചില പുതിയ സവിശേഷതകളോടെയാണ് പുതിയ എൻ‌ഡവര്‍ വരുന്നത്. എന്നാല്‍ വാഹനത്തിന്‍റെ ബാഹ്യ ഡിസൈനിലും സ്റ്റൈലിംഗിലും ഇന്റീരിയറുകളിലുമൊന്നും വലിയ മാറ്റങ്ങളൊന്നുമില്ല.  നിലവിലെ ബിഎസ് 4 പാലിച്ചിരുന്ന 2.2 ലിറ്റര്‍ ടിഡിസിഐ എഞ്ചിന് പകരം ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ഇക്കോബ്ലൂ എന്‍ജിന്‍ ആണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ഫോര്‍ഡിന്റെ ഏറ്റവും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എസ്‌യുവിയില്‍ സ്റ്റാന്‍ഡേഡായി നല്‍കി. 

യൂറോ 6 പാലിക്കുന്ന പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 2017 ല്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. തായ്‌ലന്‍ഡില്‍ വില്‍ക്കുന്ന ഫോര്‍ഡ് എവറസ്റ്റ് (എന്‍ഡവര്‍) ഈ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ഇക്കോബ്ലൂ ഡീസല്‍ എന്‍ജിന്‍ 168 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുമ്പ് ഉപയോഗിച്ചിരുന്ന 2.2 ലിറ്റര്‍ ടിഡിസിഐ എന്‍ജിനേക്കാള്‍ 20 ശതമാനം അധികം ലോ എന്‍ഡ് ടോര്‍ക്ക് ലഭിക്കുമെന്നും ഇപ്പോള്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

2 വീല്‍ ഡ്രൈവ് വേര്‍ഷനില്‍ 13.90 കിലോമീറ്ററും 4 വീല്‍ ഡ്രൈവ് വേര്‍ഷനില്‍ ശരാശരി 12.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഇക്കോബ്ലൂ എന്‍ജിന്‍ കൂടുതല്‍ റിഫൈന്‍ഡ് ആണ്. ഐഡില്‍ നോയ്‌സ് 4 ഡെസിബെല്‍ കുറച്ചതോടെ ശബ്ദം കുറഞ്ഞു. ഇന്ത്യയില്‍ 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിച്ച ഒരേയൊരു വാഹനമാണ് 2020 ഫോഡ് എന്‍ഡവര്‍. ലഭ്യമായ കരുത്തിലും ആക്‌സെലറേഷനിലും ഗിയറുകള്‍ തമ്മിലുള്ള വിടവ് കുറച്ച് സുഗമമായ ആക്‌സെലറേഷന്‍ റെസ്‌പോണ്‍സ് നല്‍കുന്നു. പ്രോഗ്രസീവ് റേഞ്ച് സെലക്റ്റ് അഥവാ സെലക്റ്റ്ഷിഫ്റ്റ് സവിശേഷതയാണ്.

കാഴ്ച്ചയില്‍ ബിഎസ് 4, ബിഎസ് 6 മോഡലുകള്‍ തമ്മില്‍ വ്യത്യാസങ്ങളില്ല. എന്നാല്‍ ഫീച്ചറുകളുടെ കാര്യത്തില്‍, ഇപ്പോള്‍ ഫോഡ്‍പാസ് എന്ന കണക്റ്റിവിറ്റി സംവിധാനം നല്‍കിയിരിക്കുന്നു. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ ലഭിച്ചു. രാത്രിസമയങ്ങളില്‍ 20 ശതമാനം വരെ കൂടുതല്‍ വെളിച്ചം പരത്തുന്ന ലോ, ഹൈ ബീം സവിശേഷതയാണ്. ടെറെയ്ന്‍ മാനേജ്‌മെന്റ് സിസ്റ്റം (ടിഎംഎസ്), സിങ്ക് 3 സഹിതം ആപ്പിള്‍ കാര്‍പ്ലേയോടുകൂടി 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, റൂഫിന്റെ 50 ശതമാനം വരെ പരന്നുകിടക്കുന്ന പനോരമിക് സണ്‍റൂഫ്, സെമി-ഓട്ടോ പാരലല്‍ പാര്‍ക്ക് അസിസ്റ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഫാന്‍ഡ്‌സ് ഫ്രീ പവര്‍ലിഫ്റ്റ് ടെയ്ല്‍ഗേറ്റ്, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന (പവേര്‍ഡ്) ഡ്രൈവര്‍ & ഫ്രണ്ട് പാസഞ്ചര്‍ സീറ്റുകള്‍ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ തുടര്‍ന്നും ഉണ്ടായിരിക്കും. ഹില്‍ ലോഞ്ച് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവയും ലഭിച്ചു.

യാത്രികരെ സുരക്ഷിതരാക്കാന്‍ ഏഴ് എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസെന്റ് & ഡിസെന്റ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളുണ്ട് വാഹനത്തില്‍. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളാണ് നിരത്തില്‍ ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍.