Asianet News MalayalamAsianet News Malayalam

പുത്തന്‍ എഫ് 150 ലൈറ്റ്‌നിംഗ് അവതരിപ്പിച്ച് ഫോര്‍ഡ്

ഫോര്‍ഡിന്‍റെ ആസ്ഥാനമായ ഡിയര്‍ബോണില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് ഫോര്‍ഡ് എഫ് 150 ലൈറ്റ്‌നിംഗ് അവതരിപ്പിച്ചത്. 

Ford F-150 Lightning Breaks Cover
Author
Mumbai, First Published May 23, 2021, 2:02 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്‍റെ വിഖ്യാത മോഡലാണ്  F-150 പിക്കപ്പ് ട്രക്ക്. അമേരിക്കൻ വിപണിയിലെ ജനപ്രിയനായ ഈ മോഡലിനെ ഇലക്ട്രിക്ക് കരുത്തില്‍ എത്തിച്ചിരിക്കുകയാണ് കമ്പനിയെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോര്‍ഡിന്‍റെ ആസ്ഥാനമായ ഡിയര്‍ബോണില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് ഫോര്‍ഡ് എഫ് 150 ലൈറ്റ്‌നിംഗ് അവതരിപ്പിച്ചത്. 

കാഴ്ച്ചയില്‍ മറ്റേതൊരു എഫ് 150 പോലെയാണ് ലൈറ്റ്‌നിംഗും. വിരിഞ്ഞ നെഞ്ച്, അഞ്ച് അടി നീളമുള്ള ട്രക്ക് ബെഡ്, എല്ലാ പ്രായോഗികതയോടെയും ഇരട്ട കാബ് എന്നിവ ലഭിച്ചു. കുത്തനെ നല്‍കിയ ഹെഡ്‌ലാംപുകളെ ബന്ധിപ്പിച്ച ലൈറ്റ് സ്ട്രിപ്പ് പുതിയതാണ്. ടെയ്ല്‍ ലാംപ് സമാനമാണെങ്കിലും ലൈറ്റ്‌നിംഗ് മോഡലില്‍ കൂടുതല്‍ ആകര്‍ഷകമാണ്. വാഹനത്തിനകത്ത്, പൂര്‍ണ ഡിജിറ്റലായ ഡ്രൈവര്‍ ഡിസ്‌പ്ലേ, പുതുതായി 15.5 ഇഞ്ച് വെര്‍ട്ടിക്കല്‍ ഡിസ്‌പ്ലേ, ഒടിഎ അപ്‌ഡേറ്റുകള്‍ സഹിതം സിങ്ക് 4 ഇന്റര്‍ഫേസ് എന്നിവ ഫീച്ചറുകളാണ്. ഫോഡിന്റെ ഇന്റലിജന്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ സംവിധാനമായ പുതിയ ബ്ലൂക്രൂസ് മറ്റൊരു പ്രധാന ഫീച്ചറാണ്.

സ്റ്റാന്‍ഡേഡ് റേഞ്ച്, എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ് ലഭിക്കും. ആദ്യ ബാറ്ററി പാക്ക് നല്‍കുന്നത് ഏകദേശം 426 ബിഎച്ച്പി അഥവാ 318 കിലോവാട്ട് കരുത്തും 370 കിമീ റേഞ്ചുമാണെങ്കില്‍ രണ്ടാമത്തെ ബാറ്ററി പാക്ക്  563 ബിഎച്ച്പി അഥവാ 420 കിലോവാട്ട് കരുത്തും 450 കിമീ ഡ്രൈവിംഗ് റേഞ്ചും നല്‍കും. 1051 ന്യൂട്ടണ്‍ മീറ്ററാണ് രണ്ട് വേര്‍ഷനുകളും നല്‍കുന്ന പരമാവധി ടോര്‍ക്ക് .

ഇതോടെ ഫോര്‍ഡ് എഫ് 150 സീരീസിലെ ഏറ്റവും കരുത്തുറ്റ മോഡലായി ലൈറ്റ്‌നിംഗ് മാറി. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിമീ വേഗമാര്‍ജിക്കാന്‍ വെറും 4.4 സെക്കന്‍ഡുകള്‍ മാത്രം മതി. ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കിയതിനാല്‍ 4 വീല്‍ ഡ്രൈവ് വാഹനമാണ് ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ്. രണ്ട് ആക്‌സിലുകള്‍ക്കിടയിലാണ് ബാറ്ററി പാക്ക്. 

150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 44 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഇതാണ് ഏറ്റവും വേഗത്തിലുള്ള ചാര്‍ജിംഗ് മാര്‍ഗം. ഫോര്‍ഡ് എഫ് 150 ലൈറ്റ്‌നിംഗ് ഉപയോഗിച്ച് നിങ്ങളുടെ ഹെവി മഷീനുകള്‍ ചാര്‍ജ് ചെയ്യുന്നതിന് വാഹനത്തില്‍ മൂന്ന് ചാര്‍ജിംഗ് പോയന്റുകള്‍ നല്‍കി. മാത്രമല്ല, വീട്ടില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടാല്‍, വീടിന് മൂന്ന് ദിവസം വരെ വൈദ്യുതി നല്‍കാനുള്ള ശേഷിയും ഫോഡ് എഫ് 150 ലൈറ്റ്‌നിംഗിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  4,500 കിലോഗ്രാം ഭാരം വരെ വലിച്ചുകൊണ്ടുപോകാന്‍ വാഹനത്തിന് കഴിയും. പരമാവധി 900 കിലോഗ്രാം ഭാരം വഹിക്കും. ഇതുവരെയുള്ള ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും വലിയ ഫ്രങ്ക് (ഫ്രണ്ട് ട്രങ്ക് അഥവാ മുന്നിലെ ട്രങ്ക്) ലഭിച്ചു. 400 ലിറ്ററാണ് ഇതിന്‍റെ ശേഷി.

39,974 യുഎസ് ഡോളറിലാണ് വാഹനത്തിന്‍റെ കൊമേഴ്‌സ്യല്‍ വേരിയന്‍റിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മിഡ് സീരീസ് എക്‌സ്എല്‍ടി വേരിയന്റിന് 52,974 ഡോളര്‍ മുതലാണ് വില. ഡിയര്‍ബോണിലെ റൂഷ് കോംപ്ലക്‌സിലാണ് ലൈറ്റ്‍നിംഗ് നിര്‍മിക്കുന്നത്. ഫോര്‍ഡിന്‍റെ ഇലക്ട്രിക് വാഹന പ്ലാന്റായി ഇതിനെ മാറ്റിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios