Asianet News MalayalamAsianet News Malayalam

കൂടുതല്‍ കരുത്തനായി മോഹവിലയില്‍ പുത്തന്‍ ഫിഗോ, എതിരാളികളുടെ നെഞ്ചിടിക്കും!

ഹാച്ച്ബാക്ക് ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച ട്രാന്‍സ്മിഷന്‍ അനുഭവമായിരിക്കും ഈ വാഹനം നല്‍കുകയെന്ന് ഫോര്‍ഡ് പറയുന്നു

Ford Figo automatic launched in India
Author
Mumbai, First Published Jul 24, 2021, 10:39 PM IST

ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഫിഗോയുടെ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ നല്‍കിയിട്ടുള്ളതെന്നും ഈ വാഹനങ്ങള്‍ക്ക് യഥാക്രമം 7.75 ലക്ഷം രൂപയും 8.20 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഫിഗോകള്‍ക്കായുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും ഫോര്‍ഡ് ഇന്ത്യ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഫിഗോ ഉള്‍പ്പെടുന്ന ഹാച്ച്ബാക്ക് ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച ട്രാന്‍സ്മിഷന്‍ അനുഭവമായിരിക്കും ഈ വാഹനം നല്‍കുകയെന്നാണ് കമ്പനി പറയുന്നത്.  1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഒരുങ്ങിയിട്ടുള്ളത്. 96 പിഎസ് പവറും 119 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. 

മികച്ച പ്രകടനവും ഡ്രൈവബിലിറ്റിയും ഉറപ്പാക്കുന്നതിനായി സ്‌പോര്‍ട്‌സ് മോഡ്, സെലക്ട് ഷിഫ്റ്റ് സംവിധാനങ്ങളും ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പില്‍ ഒരുക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് മോഡില്‍ മികച്ച ഡ്രൈവിംഗ് എക്‌സ്‍പീരിയന്‍സ് നല്‍കുന്നതിനായി ഓപ്റ്റിമം ഗിയര്‍ സംവിധാനത്തിലൂടെ വേഗത്തിലുള്ള ഷിഫ്റ്റിങ്ങ് സാധ്യമാക്കും. സെലക്ട് ഷിഫ്റ്റ് സംവിധാനത്തില്‍ മാനുവല്‍ മോഡില്‍ ഡ്രൈവ് ചെയ്യാനും സാധിക്കും.

ഫിഗോയിലെ പുതിയ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഹാച്ച്ബാക്കിൽ നിലവിലുള്ള 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കി. ഈ എഞ്ചിൻ 96hp, 119Nm ടോർക്ക് ഉൽ‌പാദിപ്പിക്കും. ഇത് ഫിഗോയെ അതിന്റെ എല്ലാ എതിരാളികളേക്കാളും ശക്തമാക്കുന്നു. അതേസമയം ഫിഗോയിലെ ഡീസൽ എഞ്ചിന് നിലവില്‍ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കുന്നില്ല.

പാഡിൽ ഷിഫ്റ്ററുകൾ ലഭിക്കുന്ന ഫോര്‍ഡ് എക്കോസ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി, ഫിഗോയിലെ ഈ ഗിയർബോക്‌സിൽ ഗിയറുകൾ സ്വമേധയാ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ‘സെലക്ട് ഷിഫ്റ്റ്’ മോഡ് സഹായിക്കുന്നു. ഗിയർ ലിവറിൽ ഒരു ടോഗിൾ സ്വിച്ച് ഉണ്ട്, അത് ഗിയറുകളുടെ മുകളിലേക്കും താഴേക്കും മാറ്റാൻ ഉപയോഗിക്കാം. ഫോർഡ് ഇന്ത്യയുടെ അഭിപ്രായത്തിൽ മികച്ച പ്രകടനത്തിനായി ഗിയർ ഷിഫ്റ്റുകൾ ഒപ്റ്റിമൈസ് ചെയ്യുന്ന ഒരു സ്പോർട്ട് മോഡും ഇതിലുണ്ട്.

ടൈറ്റാനിയം, ടൈറ്റാനിയം + ട്രിമ്മുകളിൽ ഓഫർ ചെയ്‌തിരിക്കുന്ന ഫിഗോ ഓട്ടോമാറ്റിക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, നാവിഗേഷൻ, ഫോർഡ് പാസ് കണക്റ്റുചെയ്‌ത ആപ്ലിക്കേഷൻ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നു. പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വിദൂര കീലെസ് എൻട്രി എന്നിവയും ലഭിക്കും. അതേസമയം ഫോര്‍ഡിന്‍റെ SYNC ഇൻഫോടെയ്ൻമെന്റ് സോഫ്റ്റ്വെയറും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി തുടങ്ങിയവ ഉണ്ടാകില്ല. 

ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ (സെഗ്മെന്റ് എക്‌സ്‌ക്ലൂസീവ്), ഹിൽ-ലോഞ്ച് അസിസ്റ്റ് എന്നിവയും സുരക്ഷയിൽ ഉൾക്കൊള്ളുന്നു. ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 15 ഇഞ്ച് അലോയ് വീലുകൾക്കായി പുതിയ ഡ്യുവൽ-ടോൺ ഡിസൈനും ലഭിക്കുന്നു.

ഡിസൈനിലും ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ചിട്ടുള്ള വലിയ ഗ്രില്ലും  സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും, മസ്‌കുലര്‍ ഭാവമുള്ള ബമ്പറും, അലോയി വീലുകളുമെല്ലാം തുടര്‍ന്നും ഫിഗോയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ നാല് വേരിയന്റുകളിലാണ് ഫോര്‍ഡ് ഫിഗോ നിരത്തുകളിലെത്തുന്നത്.  2019ല്‍ അടിമുടി പരിഷ്‍കരിച്ചെത്തിയ ഫിഗോയുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ നിരത്തിലും വിപണിയിലിും ഉള്ളത്. ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്‍ചവച്ചിരുന്നു.  ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിരുന്നു. 

3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമുണ്ട് നിലവിലെ ഫിഗോയ്‍ക്ക്. 1016 മുതല്‍ 1078 കിലോഗ്രാമാണ് ഭാരം. ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ , ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്‌), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങള്‍. മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് തുടങ്ങിയവരാണ് പുത്തന്‍ ഓട്ടോമാറ്റിക്ക് ഫിഗോയുടെ മുഖ്യ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios