Asianet News MalayalamAsianet News Malayalam

വേറിട്ടൊരു ഫിഗോയുമായി ഫോര്‍ഡ്, അമ്പരപ്പില്‍ എതിരാളികള്‍

ഫിഗോയില്‍ മെക്കാനിക്കലായുള്ള മാറ്റത്തിന് ഒരുങ്ങുകയാണ് കമ്പനി

Ford Figo petrol automatic to launch soon
Author
Mumbai, First Published Jul 25, 2020, 8:49 AM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഈ വാഹനം പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷാമികവിലും മുന്നിലാണ്.

ഇപ്പോള്‍ ഫിഗോയില്‍ മെക്കാനിക്കലായുള്ള മാറ്റത്തിന് ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിരുന്ന ഫിഗോയുടെ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ മോഡല്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഫോര്‍ഡ്.

ഫിഗോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലിനൊപ്പമാണ് ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എത്തുക. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ ഓട്ടോമാറ്റിക് മോഡലിലും ഈ  ട്രാന്‍സ്മിഷനാണ് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ഈ മോഡല്‍ എത്തിയേക്കും. ഫിഗോ ഓട്ടോമാറ്റിക്കില്‍ പാഡില്‍ ഷിഫ്‌റ്റേഴ്‌സ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഈ ശ്രേണിയിലെ എതിരാളികളില്‍ നിന്നും മോഡലിനെ മുന്നില്‍ നിര്‍ത്തുമെന്നാണ് കമ്പനി കരുതുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എത്തുന്ന പുത്തന്‍ ഫിഗോയ്‍ക്ക് ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയാകുമെന്നാണ് കണക്കാക്കുന്നത്. 

ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ നാല് വേരിയന്റുകളിലാണ് ഫോര്‍ഡ് ഫിഗോ നിരത്തുകളിലെത്തുന്നത്. ഫിഗോയുടെ പെട്രോള്‍ മോഡലുകള്‍ക്ക് 5.49 ലക്ഷം രൂപ മുതല്‍ 7.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 7.16 ലക്ഷം രൂപ മുതല്‍ 8.15 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്ക് നിരത്തുകളിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 94.9 ബിഎച്ച്പി പവറും 119 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 98.9 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് മോഡലിലും അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

2019ല്‍ അടിമുടി പരിഷ്‍കരിച്ചെത്തിയ ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്‍ചവച്ചിരുന്നു.  ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിരുന്നു. 

3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമുണ്ട് നിലവിലെ ഫിഗോയ്‍ക്ക്. 1016 മുതല്‍ 1078 കിലോഗ്രാമാണ് ഭാരം. ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ , ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്‌), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനം.

പെട്രോളില്‍ 42 ലിറ്ററും ഡീസലില്‍ 40 ലിറ്ററുമാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 1.2 ലിറ്റര്‍ പെട്രോളില്‍ 20.4 കിലോമീറ്ററും 1.5 ലിറ്റര്‍ പെട്രോളില്‍ 16.3 കിലോമീറ്ററും ഡീസലില്‍ 25.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന  മൈലേജ്.
 

Follow Us:
Download App:
  • android
  • ios