ഇന്ത്യയിലെ ജനപ്രിയ ക്രോസ് ഓവർ മോഡലായ മോഡല്‍ ഫ്രീസ്റ്റൈലിന്‍റെ ഫ്ലെയർ എഡിഷൻ പുറത്തിറക്കി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ് ഇന്ത്യ. 7.69 ലക്ഷം രൂപയിലാണ് മോഡലിന്‍റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ യഥാക്രമം 7.69 ലക്ഷം രൂപയും 8.79 ലക്ഷം രൂപയുമാണ് മോഡലിന്. വൈറ്റ് ഗോൾഡ്, ഡയമണ്ട് വൈറ്റ്, സ്‍മോക്ക് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റ് ലഭ്യമാകും. 

ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റ് ഇൻസേർട്ടുകൾ, റൂഫ് റെയിലുകൾ, ചുവപ്പ് നിറത്തിലുള്ള ഷേഡിൽ പൂർത്തിയാക്കിയ ORVM എന്നിവ ഉൾപ്പെടുന്നതാണ് എക്സ്‍റ്റീരിയര്‍. ഗ്രില്ല, റൂഫ്, അലോയി വീലുകൾ എന്നിവയ്ക്ക് ഗ്ലോസ്സ്-ബ്ലാക്ക് നിറം ലഭിക്കും. ഡോറുകളിൽ ഫ്ലെയർ പതിപ്പിന് ഗ്രാഫിക്സും ലഭിക്കുന്നു.

കറുപ്പും ചാരനിറത്തിലുള്ള അപ്ഹോൾസ്റ്ററിയും കറുത്ത ഡോർ ഹാൻഡിലുകളിൽ ചുവന്ന ആക്സന്റുകളും സീറ്റുകളിൽ ഫ്ലെയർ ബാഡ്‍ജിംഗും ഉള്‍പ്പെടുന്നതാണ് അകത്തളം. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, റിവേർസ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും മോഡലിന് ലഭിക്കും.

ആക്റ്റീവ് റോൾ‌ഓവർ പ്രൊട്ടക്ഷൻ (ARP), ആറ് എയർബാഗുകൾ, ABS + EBD, ESC, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് ഫ്രീസ്റ്റൈൽ ഫ്ലെയറിലെ സുരക്ഷാ സവിശേഷതകള്‍. 

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചന്‍ ഓപ്‍ഷനുകളാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ 95 bhp കരുത്തും 120 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷന്‍. 

വാഹനത്തിനായി ഫോർഡ് മ്യൂസിക് സ്ട്രീമിംഗ് ആപ്പായി ജിയോ സാവനുമായി ചേര്‍ന്ന് ഒരു പങ്കാളിത്ത പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2021 ഫെബ്രുവരിക്ക് മുമ്പ് ഫോർഡ് ഫ്രീസ്റ്റൈലിന്റെ ഏതെങ്കിലും വകഭേദം ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ജിയോസാവനിൽ പരസ്യരഹിത മ്യൂസിക്കിലേക്ക് ഒരു വർഷത്തെ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കും. മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനിൽ ഫോർഡ് ഫ്രീസ്റ്റൈൽ പ്ലേലിസ്റ്റുകളും ഹോസ്റ്റു ചെയ്യും.