മെച്ചപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ടായിരത്തിലധികം തൊഴിലാളികൾ പണിമുടക്കിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡ് ഇന്ത്യയിലെ (Ford India) പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് കുറച്ചുനാളുകളായി. പക്ഷേ ഫോർഡ് മോട്ടോറിന്റെ പ്രശ്‌നം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. യുഎസ് ആസ്ഥാനമായുള്ള കാർ നിർമ്മാതാവ് വിപണി വിട്ടതിന് ശേഷവും, ഡീലർമാരുമായും തൊഴിലാളികളുമായള്ള പ്രശ്നങ്ങൾ പിന്തുടരുന്നത് തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചെന്നൈയിൽ തൊഴിലാളികളുടെ പ്രതിഷേധം ഉയരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെച്ചപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ടായിരത്തിലധികം തൊഴിലാളികൾ പണിമുടക്കിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റേതെങ്കിലും കാർ നിർമ്മാതാക്കള്‍ ഈ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ ഇതുവരെ ഫലപ്രാപ്‍തിയില്‍ എത്തിയിട്ടില്ല എന്നും മെയ് 30 മുതൽ ഫോർഡ് ഇന്ത്യയുടെ ചെന്നൈയിലെ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 "ഞങ്ങൾ തിങ്കളാഴ്ച മുതൽ പണിമുടക്കിലാണ്, അതിനുശേഷം യൂണിറ്റിൽ ഉൽപ്പാദനം നടന്നിട്ടില്ല. മികച്ച നഷ്‍ടപരിഹാര പാക്കേജ് ഞങ്ങൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകരിക്കാൻ തയ്യാറല്ല. ഇത്തവണ വേർപിരിയൽ പാക്കേജ് തീർപ്പാക്കാൻ 15 ദിവസമെങ്കിലും വേണ്ടിവരും എന്നതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. കൂടാതെ ജൂൺ 30 അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് കരുതി മുൻകൂറായി സമരത്തിലേക്ക് നീങ്ങുകയാണ്.. ഫോർഡ് ഇന്ത്യ പ്ലാന്റിലെ പ്രതിഷേധ തൊഴിലാളി യൂണിയനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മറൈമലൈ നഗറിലെ ഫോർഡ് ഫെസിലിറ്റിക്കുള്ളിലാണ് തൊഴിലാളികൾ സമരത്തിലിരിക്കുന്നതെന്ന് യൂണിയൻ പറയുന്നു. ഗുജറാത്തിലെ സാനന്ദിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ സൗകര്യം അടുത്തിടെ സംസ്ഥാന സർക്കാർ ടാറ്റ മോട്ടോഴ്‌സിന് കൈമാറിയിരുന്നു. മറൈമലൈ നഗർ സൗകര്യത്തിനായി സമാനമായ ചർച്ചകൾ തുടരുന്നുണ്ട്. നിരവധി കാർ നിർമ്മാതാക്കൾ ഏറ്റെടുക്കാനുള്ള മത്സരത്തിലുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ കാർ ബിസിനസ് അവസാനിപ്പിക്കാൻ ഫോർഡ് മോട്ടോർ തീരുമാനിക്കുകയായിരുന്നു. പ്രവർത്തനം ആരംഭിച്ച് 10 വർഷത്തിനുള്ളിൽ ഏകദേശം രണ്ട് ബില്യൺ ഡോളറിന്റെ നഷ്‍ടം സംഭവിച്ചതിന് ശേഷം യുഎസ് ആസ്ഥാനമായുള്ള കമ്പനി രാജ്യത്ത് വാഹനങ്ങളുടെ നിർമ്മാണം നിർത്തുമെന്ന് 2021 സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫോഡ് വീണ്ടും വിപണിയിൽ പ്രവേശിച്ചേക്കുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു, എന്നാൽ ആ പദ്ധതിയും പിന്നീട് ഉപേക്ഷിച്ചു.

നഷ്‍ടപരിഹാരം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തൊഴിലാളി യൂണിയനുമായി ചർച്ച നടത്തിയതായി ഫോർഡ് വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, യൂണിയുമായുള്ള ചർച്ചകളുടെ നിലവിലെ സ്വഭാവം കണക്കിലെടുത്ത്, ഇപ്പോൾ വിശദാംശങ്ങൾ പങ്കിടാൻ കഴിഞ്ഞേക്കില്ല എന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പങ്കിടാൻ കഴിയും എന്നും വക്താവ് പറഞ്ഞു.

കാർ നിർമ്മാതാക്കളുമായുള്ള ചർച്ചകൾ വളരെ മന്ദഗതിയിലാണെന്ന് പ്ലാന്‍റിലെ ചില ഫോർഡ് ഇന്ത്യ ജീവനക്കാർ പരാതിപ്പെട്ടു. "അവർ (മാനേജ്‌മെന്റ്) സെറ്റിൽമെന്റ് പാക്കേജ് വളരെ കുറവായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, ഇത് ഞങ്ങളുടെ ആവശ്യത്തിന് വിരുദ്ധമാണ്. എന്നാൽ പണിമുടക്ക് കാരണം, അവർ നിലപാട് മാറ്റിയേക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ഫോർഡ് ഇന്ത്യയുടെ ചെന്നൈ പ്ലാന്റിലെ പ്രതിഷേധിക്കുന്ന ജീവനക്കാരിലൊരാൾ പറഞ്ഞതായി എച്ച്ടി ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു. 

1920-കളിൽ കാനഡയിലെ ഫോർഡ് മോട്ടോർ കമ്പനിയുടെ ഉപകമ്പനിയായി രാജ്യത്ത് എത്തിയതോടെയാണ് ഫോർഡ് മോട്ടോറിന്റെ ഇന്ത്യയിലെ യാത്ര ആരംഭിച്ചത്. പിന്നീട് പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനി 1995-ൽ ഇന്ത്യയിൽ വീണ്ടും തിരിച്ചെത്തി. ഇത്തവണ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ചായിരുന്നു മടങ്ങിവരവ്. 1998ല്‍ ഫോർഡും മഹീന്ദ്രയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു, ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡായി.

ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ച അവസാന മോഡൽ ഫ്രീസ്റ്റൈൽ ആണ്. ഫിഗോ ഹാച്ച്‌ബാക്കിനും ഇക്കോസ്‌പോർട്ട് എസ്‌യുവിക്കും ഇടയിൽ ഒരു ലൈഫ്‌സ്‌റ്റൈൽ അഡ്വഞ്ചർ വാഹനമായാണ് ഫോർഡ് ഇതിനെ തിരഞ്ഞെടുത്തത്. നിലവിൽ എൻഡവർ, ഇക്കോസ്‌പോർട്ട്, ഫിഗോ, ഫിഗോ ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളാണ് ഫോർഡ് ഇന്ത്യയിൽ വിൽക്കുന്നത്.