ഡോര്‍ സ്‌റ്റെപ്പ് സര്‍വീസുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ. കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍റെ ഈ നീക്കം.  

ഡയല്‍ എ ഫോര്‍ഡ് പദ്ധതിയുടെ കീഴില്‍ ഏറ്റവുമൊടുവില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണ് ഡോര്‍ സ്‌റ്റെപ്പ് സര്‍വീസ്. ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പിലോ ഡയര്‍ എ ഫോര്‍ഡ് സംവിധാനത്തിലോ സര്‍വീസ് ബുക്കുചെയ്യാം. ഇതനുസരിച്ച് ഫോര്‍ഡ് ജീവനക്കാര്‍ സര്‍വീസ് ഉറപ്പാക്കും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി അധിക ചാര്‍ജ് ഈടാക്കാതെയാണ് ഈ സേവനം ഒരുക്കുന്നത്. 

വാഹനത്തിന്റെ സാധാരണ പരിശോധന, ഫില്‍ട്ടറുകള്‍, ഓയില്‍ തുടങ്ങിയവ മാറ്റാല്‍, വാഷിങ്ങ് തുടങ്ങിയവയാണ് ഡോര്‍ സ്‌റ്റെപ്പ് പദ്ധതിയിലുള്ളത്. കൂടുതല്‍ പരിശോധന ആവശ്യമുള്ള വാഹനങ്ങള്‍ ഫോര്‍ഡിന്റെ ടീം തന്നെ സര്‍വീസ് സെന്ററിലെത്തിക്കും. പണം ഓണ്‍ലൈനായി അടയ്ക്കുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യഘട്ടമായി ദില്ലി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ജയ്പൂര്‍, ലക്‌നോ, ബെംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപൂരം, ഹൈദരാബാദ്, കൊല്‍ക്കത്ത, ഭൂവനേശ്വര്‍, മുംബൈ, പുനെ, ഔറംഗബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഡോര്‍ സ്‌റ്റെപ്പ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.