Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ഫാക്ടറി പൂട്ടി ഫോര്‍ഡ് ഇന്ത്യയും

ഐക്കണിക്ക് അമേരിക്കന്‍  വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഫോര്‍ഡ് ഇന്ത്യയുടെ രാജ്യത്തെ രണ്ട് പ്ലാന്റുകളും താത്കാലികമായി അടച്ചിടുന്നു. 

Ford India suspends production on India
Author
Mumbai, First Published Mar 24, 2020, 2:53 PM IST

ഐക്കണിക്ക് അമേരിക്കന്‍  വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഫോര്‍ഡ് ഇന്ത്യയുടെ രാജ്യത്തെ രണ്ട് പ്ലാന്റുകളും താത്കാലികമായി അടച്ചിടുന്നു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ചെന്നൈയിലെയും ഗുജറാത്തിലെ സനദിലെയും പ്ലാന്റുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. 

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി.  

ജീവനക്കാരുടെയും ഡീലര്‍മാരുടെയും ഉപയോക്താക്കളുടെയും വിതരണക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്നും സമൂഹത്തില്‍ നാശം വിതയ്ക്കുന്ന വൈറസിന്റെ വ്യാപനം തടയുന്നതിനും ഫോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും ഫോര്‍ഡ് അറിയിച്ചു. 

അതേസമയം, ഓഫീസ് ജോലികള്‍ ചെയ്തിരുന്ന ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഫോര്‍ഡ് ഇന്ത്യ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ ശാന്തമായ ശേഷം മാത്രമേ വാഹനത്തിന്റേത് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കൂ എന്നും ഫോര്‍ഡിന്റെ അറിയിപ്പിലുണ്ട്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് പുറമെ, സൗത്ത് ആഫ്രിക്ക, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെയും വാഹനനിര്‍മാണ പ്ലാന്റുകള്‍ ഫോര്‍ഡ് താത്കാലികമായ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. 

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഉള്‍പ്പെടെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ പ്ലാന്‍റുകള്‍ അടച്ചിടുന്നുണ്ട്.  ടൊയോട്ടയുടെ ബെംഗളൂരുവിലെയും ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകളും അടച്ചിട്ടിട്ടുണ്ട്.

ടാറ്റയുടെ പ്ലാന്റ് ഒരാഴ്ച്ചത്തേക്കും മറ്റുള്ളവര്‍ രണ്ടാഴ്ച്ചത്തേക്കും അടച്ചിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗുരുഗ്രാം, മനേസര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് മാരുതി അടച്ചിട്ടത്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകളും സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്‍റും അടക്കാനാണ് തീരുമാനം. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റും സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്‍റും കഴിഞ്ഞ  ദിവസം മുതല്‍ അടച്ചു. 

Follow Us:
Download App:
  • android
  • ios