2022 ജൂൺ മാസം വരെ ശമ്പളം നൽകാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍

ക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ തങ്ങള്‍ അടച്ചുപൂട്ടുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കിയത്.

ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ചെന്നൈ പ്ലാന്‍റിലെ തൊഴിലാളികള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാരും മാനേജ്മെന്റും തമ്മിൽ നടന്നുവന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞെന്നും ഇത് ചെന്നൈ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മരൈലൈന​ഗറിലെ ഫാക്ടറിക്ക് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഐടിയു പിന്തുണയോടെയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം എന്ന് റോയിട്ടേഴ്‍സിനെ ഉദ്ധരിച്ച് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ സർക്കാരിന്റെ ഇടപെടലാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. അതേസമയം ചർച്ചകൾ പരാജയപ്പെട്ടതായി ചെന്നൈ ഫോർഡ് എംപ്ലോയീസ് യൂണിയൻ (സിഎഫ്ഇയു) ജനറൽ സെക്രട്ടറി പി സെന്തിൽ കുമാർ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാന്റിലെ 2,600 തൊഴിലാളികൾക്കുവേണ്ടി, സംഘടന തിങ്കളാഴ്ച ആദ്യ റൗണ്ട് ചർച്ചകൾ നടത്തിയെന്നും തൊഴിലാളികളുടെ ഉപജീവനവും തൊഴിലവസരവും കമ്പനി ഉറപ്പാക്കണമെന്നും യൂണിയൻ വ്യക്തമാക്കുന്നു. 2022 ജൂൺ മാസം വരെ ശമ്പളം നൽകാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും സെന്തിൽ കുമാർ ദി ഹിന്ദുവിനോട് പറഞ്ഞു. 

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യവസായ മന്ത്രി തങ്കം തെന്നരസു, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സെക്രട്ടേറിയറ്റിൽ യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്‍തതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. നിർമാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ ചെന്നൈ ഫോർഡ് എംപ്ലോയീസ് യൂണിയൻ നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 2,700 ഓളം ജീവനക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കാതിരിക്കാൻ മാനേജ്മെന്റ് ബദൽ നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്. പലർക്കും അടുത്ത 20 വർഷത്തേക്ക് ഉറപ്പായിരുന്ന തൊഴിലാണ് ഒറ്റയടിക്ക് ഇല്ലാതായതെന്നും ചർച്ച ഫലം കാണുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂണിയൻ വ്യക്തമാക്കി.

അതേസമയം തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച ആവശ്യം അമേരിക്കയിലെ കമ്പനി ആസ്ഥാനത്ത് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. തീരുമാനം കമ്പനിയുടെ യുഎസ്‍ ആസ്ഥാനത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നും അവർ അറിയിച്ചു.

ചെന്നൈ മരൈലൈന​ഗർ, സനന്ദ് (ഗുജറാത്ത്) പ്ലാന്റുകളിൽ 2.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ച കമ്പനി ഈ ഫാക്ടറികളിൽ നിന്നുളള ഉൽപ്പാദ​നം നിർത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 4,000 ത്തോളം നേരിട്ടുള്ള ജീവനക്കാരുടെയും 40,000 ത്തോളം പരോക്ഷ തൊഴിലാളികളുടെയും ഭാവിയെ ഈ നീക്കം ബാധിക്കും. ഫോഡ് മോട്ടോർ കമ്പനിയെ ആശ്രയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഭാവിയെയും തീരുമാനം പ്രതികൂലമായി ബാധിക്കും. 

നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്ന കമ്പനികൾ നിലവിലുള്ള തൊഴിലാളികളെ ജോലിക്കെടുക്കുമെന്ന രേഖാമൂലമുള്ള ഉറപ്പും തൊഴിലാളികൾ ആവശ്യപ്പെടുന്നു. പ്ലാന്റ് ഏറ്റെടുക്കുന്നവർക്കായി തമിഴ്നാട് സർക്കാർ പ്രത്യേക സാമ്പത്തിക സഹായ പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നികുതി ഇളവ് ഉൾപ്പെടെയുള്ളവ നൽകാനും തമിഴ്നാട് സർക്കാരിന്റെ പദ്ധതി ഉളളതായാണ് ലഭിക്കുന്ന സൂചന. 

ഫോർഡിന്റെ പ്ലാന്റ് മറ്റൊരു വാഹന നിർമ്മാണ ഭീമനെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങൾ സര്‍ക്കാര്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫോർഡും, പ്ലാന്റ് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ ഏതെങ്കിലും തമ്മിൽ ഒരു ധാരണയിലെത്തിയാൽ നടപടിക്രമങ്ങൾ അനായാസം പൂർത്തിയാക്കാനുള്ള എല്ലാ സഹകരണവും തങ്ങൾ ഉറപ്പാക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona