Asianet News MalayalamAsianet News Malayalam

പൂര്‍ണമായും ഇലക്ട്രിക് ആകാനൊരുങ്ങി ഫോര്‍ഡ് ലിങ്കണ്‍

ലിങ്കണിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ 2022-ല്‍ നിരത്തുകളില്‍ എത്തുമെന്ന് ഫോര്‍ബ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു

Ford Lincoln Line Going Electric
Author
Mumbai, First Published Jun 20, 2021, 10:35 AM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍റെ ആഡംബര വാഹന വിഭാഗമാണ് ലിങ്കണ്‍. ഇപ്പോഴിതാ ലിങ്കണ്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ലിങ്കണിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ 2022-ല്‍ നിരത്തുകളില്‍ എത്തുമെന്ന് ഫോര്‍ബ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിങ്കണ്‍ ബ്രാന്റിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യ ഇലക്ട്രിക് മോഡല്‍ എത്തുക എന്നാണ് സൂചന.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടുത്തിടെ ഫോര്‍ഡ് ഒരു പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമിലായിരിക്കും ലിങ്കണിന്റെ ഇലക്ട്രിക് വാഹനം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഇലക്ട്രിക് പ്ലാറ്റ്‌ഫോമാണ് ഫോര്‍ഡ് വികസിപ്പിച്ചിട്ടുള്ളത്. ചെറിയ എസ്‍യുവികള്‍ക്കും സെഡാനുകള്‍ക്കുമായി ഒന്നും എസ്‍യുവികള്‍ക്കായി മറ്റൊന്നും. അടുത്തിടെ പുറത്തിറങ്ങിയ ഫോര്‍ഡ് ഇ-150 ലൈറ്റനിങ്ങ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിട്ടുള്ളത്. 

ലിങ്കണ്‍ വാഹനനിര 2025-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറിയേക്കും. നാല് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ആകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജനറല്‍ മോട്ടോഴ്‌സിന്റെ ആഡംബര വാഹന വിഭാഗവുമായ കാഡിലാക്കിന്റെ ഇലക്ട്രിക് പ്രഖ്യാപനത്തെ തുടര്‍ന്നാണ് ലിങ്കണും ഈ തിരുമാനത്തിലെത്തിയത്. ലിങ്കണ്‍ ബ്രാന്റ് വാഹനങ്ങളുടെ പ്രധാന എതിരാളിയാണ് കാഡിലാക്ക്.

ജനറല്‍ മോട്ടോഴ്‌സും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള നീക്കങ്ങളിലാണ്. റിപ്പോർട്ട് അനുസരിച്ച് 35 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോണമസ് വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി ജനറല്‍ മോട്ടോഴ്‌സ് അടുത്തിടെ നടത്തിയത്. 2020-ല്‍ പ്രഖ്യാപിച്ച പദ്ധതി തുകയെക്കാള്‍ എട്ട് ബില്ല്യണ്‍ ഡോളറാണ് ഇപ്പോള്‍ കമ്പനി നിക്ഷേപിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios