റോഡപകടങ്ങള്‍ പലതും സംഭവിക്കുന്നത് അശ്രദ്ധയും അമിതവേഗവുമൊക്കെ മൂലമാണ്. ഇത്തരം പല അപകടങ്ങളുടെയും മൂലകാരണങ്ങളിലേക്ക് വെളിച്ചം വീശാന്‍ അടുത്തകാലത്ത് സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കാറുണ്ട്. വീണ്ടും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഈ വീഡിയോകള്‍ ഒരുപരിധിവരെ സഹായിച്ചേക്കും. 

ഇത്തരം ഒരു അപകടത്തിന്‍റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ടെടുത്തതാണ് അപകടത്തിന്‍റെ കാരണം. ഇതുകണ്ട് പിന്നാലെ വന്ന കാറുകൾ ബ്രേക്ക് ചെയ്‍തു. ഇതോടെ പിന്നാലെ വന്ന ഫോര്‍ഡ് മസ്‍താങ് വലത്തേക്ക് വെട്ടിച്ചു. വെട്ടിച്ച മസ്‍താങ്ങ് എതിരെ വന്ന മിനിലോറിയിലേക്ക് ഇടിച്ചു കയറുന്നതാണ് വീഡിയോയില്‍.

പെട്ടെന്ന് ബ്രേക്ക് ചെയ്‍ത കാറുകളിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് മസ്‍താങ്ങ് ഉടമ പറയുന്നത്. മുന്നിലെ കാറിലെ ആളുകളെ രക്ഷിക്കാൻ അതുമാത്രമായിരുന്നു മാർഗ്ഗമെന്നും ഉടമ പറയുന്നു. എതിരെ വന്ന മിനി ലോറി വേഗത്തിലായിരുന്നുവെന്നും അത് അൽപം ഇടത്തേക്കു വെട്ടിച്ചിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നു എന്നുമാണ് മസ്താങ്ങിന്റെ ഉടമയുടെ വാദം. 

എന്നാൽ മസ്‍താങ്ങ് കാർ അമിതവേഗത്തിലായിരുവെന്നും അതുകൊണ്ടാണ് ബ്രേക്ക് ചെയ്തിട്ടും നില്‍ക്കാതിരുന്നതെന്നും വാദമുയരുന്നുണ്ട്. അപകടത്തിൽ ഫോര്‍ഡ് മസ്താങ്ങിനും മിനി ലോറിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നുും ആർക്കും സാരമായ പരിക്കുകളേറ്റിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ മസിലന്‍ കാറായ മസ്‍താങ്ങിന് ഏകദേശം 71 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.