ഖത്തറിൽ നടന്ന ഷെൽ ഇക്കോ മാരത്തൺ 2026-ൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് (CET) ടീം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച് നിർമ്മിച്ചതും പൂർണ്ണമായും അഴിച്ചുമാറ്റി ബാഗേജിൽ കൊണ്ടുപോകാവുന്നതുമായ മോഡുലാർ ഡിസൈനിലുള്ള കാറാണ് നിർമ്മിച്ചത്

ത്തറിലെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ആഗോള ഇന്ധനക്ഷമതാ മത്സരമായ 'ഷെൽ ഇക്കോ മാരത്തൺ 2026'-ൽ തിളക്കമാർന്ന നേട്ടവുമായി തിരുവനന്തപുരം എൻജിനീയറിങ് കോളേജ് (CET) ടീം. ലോകത്തെ മികച്ച സർവ്വകലാശാലകൾ മാറ്റുരച്ച വേദിയിൽ, അതികഠിനമായ സാങ്കേതിക പരിശോധനകൾ (Technical Inspection) വിജയകരമായി പൂർത്തിയാക്കിയാണ് സി.ഇ.ടി സംഘം കരുത്തറിയിച്ചത്.

തുടർച്ചയായ രണ്ടാം വർഷമാണ് സി.ഇ.ടി ഈ രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ സാങ്കേതിക മികവ് തെളിയിക്കുന്നത്. ട്രാക്കിൽ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ച് മുന്നേറിയ 14 അംഗ വിദ്യാർത്ഥി സംഘത്തെ ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഔദ്യോഗികമായി ആദരിച്ചു.

സാങ്കേതിക തികവിനൊപ്പം സുസ്ഥിരമായ നിർമ്മാണ രീതികളും ഇത്തവണ ടീമിനെ ശ്രദ്ധേയമാക്കി. കാർബൺ ഫൈബറിന് പകരം 'കെനാഫ്' (Kenaf) എന്ന പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിർമ്മിച്ചത്. കൂടാതെ, പൂർണ്ണമായും അഴിച്ചുമാറ്റി സാധാരണ യാത്രാ ബാഗേജിനുള്ളിൽ കൊണ്ടുപോകാവുന്ന 'മോഡുലാർ' (Modular) ഡിസൈൻ ലോജിസ്റ്റിക്സ് രംഗത്തെ വലിയൊരു വിപ്ലവമായി മാറി.

കഴിഞ്ഞ വർഷം ലക്ഷങ്ങൾ ചെലവ് വന്ന ലോജിസ്റ്റിക്സ് ചാർജ്ജ്, ഇത്തവണത്തെ നൂതനമായ ഈ ഡിസൈനിലൂടെ പൂർണ്ണമായും ഒഴിവാക്കാൻ ടീമിന് സാധിച്ചു. ഒമ്പത് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും അടങ്ങുന്ന സിഇടി ടീമിന്റെ ഈ ആഗോള നേട്ടം കേരളത്തിലെ എൻജിനീയറിങ് മേഖലയ്ക്ക് പുതിയൊരു ദിശാബോധമാണ് നൽകുന്നത്.