ലോഞ്ചിങ് മുന്നോടിയായി വാഹനത്തിന്റെ ഏകദേശ രൂപം വ്യക്തമാകുന്ന ടീസര്‍ സ്‌കെച്ച് കമ്പനി പുറത്തു വിട്ടു
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ പുതിയ എസ്‍യുവി നവംബര്‍ 17-ന് പുറത്തിറങ്ങും. ഫോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കുമെന്ന് ആദ്യമായി സൂചന നല്‍കി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് ഈ മോഡല്‍ ഫോര്‍ഡ് അവതരിപ്പിക്കുന്നത്.
ഫോര്‍ഡിന്റെ ഐതിഹാസിക സ്‌പോര്‍ട്‌സ് കാറായ മസ്‍താങ്ങില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുത്തന്‍ വാഹനത്തിന്‍റെ നിര്‍മ്മാണം. ലോഞ്ചിങ് മുന്നോടിയായി വാഹനത്തിന്റെ ഏകദേശ രൂപം വ്യക്തമാകുന്ന ടീസര്‍ സ്‌കെച്ച് കമ്പനി പുറത്തു വിട്ടു. വാഹനം രൂപകല്‍പന ചെയ്യുന്ന ചെറു വീഡിയോയും ട്വിറ്ററിലൂടെ ഫോര്‍ഡ് പുറത്തു വിട്ടിട്ടുണ്ട്.
നിരവധി പുത്തന്‍ ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകുമെന്നാണ് സൂചന. അതേസമയം ഇലക്ട്രിക് മോഡലിന്റെ മോട്ടോര്‍, ഇലക്ട്രിക് റേഞ്ച് അടക്കമുള്ള വിവരങ്ങളൊന്നും ഫോര്‍ഡ് പുറത്തു വിട്ടിട്ടില്ല.
സ്‌കെച്ച് പ്രകാരം അഗ്രസീവ് രൂപഘടനയിലാണ് ഈ ഇലക്ട്രിക് എസ്.യു.വി നിരത്തിലേക്കെത്തുന്നത്. മസ്താങിനെ ഓര്‍മ്മപ്പെടുത്തുന്ന ചില ബോഡി ഡിസൈന്‍ ഇലക്ട്രിക് എസ്.യു.വിയെ വ്യത്യസ്തമാക്കും. ടെസ്‍ല മോഡലുകളുമായാണ് ആഗോള വിപണിയില്‍ ഫോര്‍ഡ് ഇലക്ട്രിക് എസ്‍യുവി മത്സരിക്കുക.
