ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ പുതിയ ഇലക്ട്രിക് എസ്.യു.വി അവതരിച്ചു. ഫോര്‍ഡിന്റെ ഐതിഹാസിക സ്‌പോര്‍ട്‌സ് കാറായ മസ്‍താങ്ങില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള വാഹനത്തിന്  'മസ്താങ് മാക് ഇ' എന്നാണ് പേര്. 

43,895 ഡോളര്‍ മുതല്‍ 60,500 ഡോളര്‍ വരെയാണ് (31.5043.42 ലക്ഷം രൂപ) അമേരിക്കയില്‍ വാഹനത്തിന്റെ വിപണി വില. ഒറ്റചാര്‍ജില്‍ 483 കിലോമീറ്റര്‍ ദൂരം മാക് ഇ സഞ്ചരിക്കുമെന്ന് കമ്പനി പറയുന്നത്. രൂപത്തില്‍ റഗുലര്‍ ഇന്ധന മസ്താങില്‍നിന്ന് ചെറിയ ചില സാമ്യതകള്‍ മാത്രമേ മാക് ഇ ഇലക്ട്രിക്കിനുള്ളു.

ഇലക്ട്രിക്കായതിനാല്‍ മുന്‍ഭാഗത്ത് തുറന്ന ഗ്രില്‍ ഇല്ല. കൂപ്പെയ്ക്ക് സമാനമായ റൂഫ്, ഹിഡണ്‍ ഡോര്‍ ഹാന്‍ഡില്‍, വലിയ അലോയി വീല്‍, വലിയ പനോരമിക് സണ്‍റൂഫ് എന്നിവ മസ്താങ് മാക്കിനെ വ്യത്യസ്തമാക്കുന്നതാണ്. 15.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളും വാഹനത്തിനുണ്ട്.

എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്ത് ബോണറ്റിനടിയില്‍ 136 ലിറ്റര്‍ സ്റ്റോറേജ് സ്പേസ് ലഭിക്കും. സെലക്ട്, പ്രീമിയം, കാലിഫോര്‍ണിയ റൂട്ട് 1, ഫസ്റ്റ് എഡിഷന്‍, ജിടി എന്നീ അഞ്ച് വകഭേദങ്ങളില്‍ മാക്ക് ഇ ലഭ്യമാകും.

മൂന്ന് സെക്കന്‍ഡിനുള്ളില്‍ 0-60 കിമി വേഗത കൈവരിക്കാന്‍ ഏറ്റവും ഉയര്‍ന്ന മാക് ഇ ജിടി ഇലക്ട്രിക്കിന് സാധിക്കും. ബാക്കിയുള്ള മോഡലുകള്‍ക്ക് 5/6 സെക്കന്‍ഡ് വേണം ഈ വേഗതയിലെത്താന്‍. പ്രീമിയം, കാലിഫോര്‍ണിയ റൂട്ട് 1 എന്നിവ ഒറ്റചാര്‍ജില്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കും. ജിടി മോഡല്‍ 378 കിലോമീറ്ററും ഫസ്റ്റ് എഡിഷന്‍ 434 കിലോമീറ്ററും സെലക്ട് 370 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. 255-332 എച്ച്പി പവറും 415-565 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ഓരോ മോഡലുകളുടെയും ഹൃദയം. 

അടുത്ത വര്‍ഷം അവസാനത്തോടെ മാച്ച് ഇ ഇലക്ട്രിക് ഫോര്‍ഡ് പുറത്തിറക്കും. അമേരിക്ക, യൂറോപ്യന്‍ വിപണികളിലാണ് വാഹനം ആദ്യം ലഭ്യമാവുക. പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കുമെത്തും.  ടെസ്‍ല മോഡലുകളുമായാണ് ആഗോള വിപണിയില്‍ ഫോര്‍ഡ് ഇലക്ട്രിക് എസ്‍യുവി മത്സരിക്കുക.