ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ പുതിയ മോഡലുകളെ എത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുത്തൻ മസ്താങ്, മാക്-ഇ ഇലക്ട്രിക്ക് എസ്‌യുവി, അടുത്തിടെ അമേരിക്കൻ വിപണയിലെത്തിച്ച ഫോർഡ് ബ്രോങ്കോ, റേഞ്ചർ റാപ്റ്റർ പിക്കപ്പ് ട്രക്ക്, ഫോക്കസ് ആർഎസ് തുടങ്ങിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജീപ്പിന്റെ ഓഫ്‌റോഡ് രംഗത്തെ മേധാവിത്തത്തിന് ഭീഷണിയാവുക എന്ന ലക്ഷ്യത്തോടെയാണ് 1966 മുതൽ 1996 വരെ ഫോർഡിന്റെ ഓഫ്‌റോഡർ മുഖം ആയിരിന്നു ബ്രോങ്കോ മോഡലിന് ഈ വർഷം വീണ്ടും ജീവൻ നൽകിയത്. അടിമുടി മാറി കിടിലൻ ലുക്കിലും ഓഫ്‌റോഡിങ് പാടവത്തിലുമാണ് 2020 ബ്രോങ്കോയുടെ വരവ്. ജീപ്പ് റാംഗ്ലറിന് സമാനമായി 2 ഡോർ 4 ഡോർ എന്നിങ്ങനെ രണ്ട് പ്രധാന പതിപ്പുകളിലാണ് 2020 ഫോർഡ് ബ്രോങ്കോയുടെ വരവ്. 4 ഡോർ ഷെയ്പ്പിൽ ബ്രോങ്കോ സ്പോർട്ട് എന്നൊരു തട്ടുപൊളിപ്പൻ താരവുമുണ്ട്. 

യഥാർത്ഥ ഫോർഡ് ബൊങ്കോ മോഡലിന് സമാനമായി എളുപ്പത്തിൽ നീക്കം ചെയ്യാവുന്ന റൂഫ് ആണ് 2020 ബ്രോങ്കോയ്ക്കും. ഒറ്റ ക്ലസ്റ്ററിൽ തീർത്തിടിക്കുന്ന ഗ്രിൽ ഹെഡ്‍ലാംപ് ക്ലസ്റ്റർ, സ്‌പോർട്ടി ബമ്പർ, വീൽ ആർച്ചുകൾ, ടെയിൽ ലൈറ്റ് എന്നിവ യഥാർത്ഥ മോഡലിൽ നിന്നും കടം കൊണ്ടതാണ്. രണ്ട് ഇക്കോബൂസ്റ്റ് ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് 2020 ഫോർഡ് ബ്രോങ്കോ വില്പനക്കെത്തിയിരിക്കുന്നത്. 270 എച്ച്പി കരുത്ത് നിർമ്മിക്കുന്ന 2.3 ലിറ്റർ നാല് സിലിണ്ടറിൽ എൻജിനാണ് ഒന്ന്. മറ്റൊന്ന് 310 എച്ച്പി പവർ നിർമ്മിക്കുന്ന 2.7 ലിറ്റർ V6 എൻജിനും. ക്രോളർ ഗിയറുള്ള 7-സ്പീഡ് മാനുവൽ അല്ലെങ്കിൽ 10 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

കഴിഞ്ഞ വർഷം നവംബറിൽ ആണ് ഫോർഡ് മാക്-ഇ എത്തിയത്. ഇലക്ട്രിക്ക് എസ്‌യുവിയായാണ് മാക്-ഇയുടെ വരവ്. മസ്താങ് അടിസ്ഥാനപ്പെടുത്തി നിർമിച്ച എസ്‌യുവിയാണ് മാക്-ഇ. സ്റ്റാൻഡേർഡ് റേഞ്ച്, എക്സ്റ്റൻഡഡ്‌ റേഞ്ച് എന്നിങ്ങനെ രണ്ടു ലിഥിയം-അയോൺ ബാറ്ററി പാക്ക് ഓപ്ഷനുകളുമായാണ് മാക്-ഇയുടെ വരവ്. സ്റ്റാൻഡേർഡ് റേഞ്ചിൽ 75.7-kWh ബാറ്റെറിയാണ്. മാഗ്നറ്റിക്ക് ഇലക്ട്രിക്ക് മോട്ടോർ വഴി പിൻചക്രങ്ങൾക്കാണ് ഈ കോൺഫിഗറേഷൻ 255 എച്ച്പി പവറും 306 പൗണ്ട് ഫീറ്റ് ടോർക്കും എത്തിക്കുക. 370 കിലോമീറ്റർ ആണ് സ്റ്റാൻഡേർഡ് കോൺഫിഗറേഷന്റെ റേഞ്ച്. ബേസ് വേർഷന് ഏകദേശം 43,895 യുഎസ് ഡോളർ (32 ലക്ഷം രൂപ) വില വരും. ഏറ്റവും ഉയർന്ന മോഡലായ ജിടിയ്ക്ക് 60,500 യുഎസ് ഡോളർ (44 ലക്ഷം രൂപ) ആണ് ഷോറൂം വില. ഇന്ത്യയിൽ എത്തുമ്പോള്‍ വാഹനത്തിന്‍റെ വില കൂടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.