ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ ഫോര്‍ഡ് വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വമ്പിച്ച ഓഫറുകള്‍

മിഡ്നൈറ്റ് സര്‍പ്രൈസ് ഓഫറുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ ഫോര്‍ഡ് വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് വമ്പിച്ച ഓഫറുകള്‍ ലഭിക്കുക. അഞ്ച് കോടി രൂപ വരെയുള്ള സമ്മാനമാണ് ഫോര്‍ഡ് നല്‍കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് നറുക്കെടുപ്പ്.

ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കുന്ന ഡിജിറ്റല്‍ സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കുന്നതായിരിക്കും. മാത്രമല്ല ബുക്ക് ചെയ്ത് ഡിസംബറില്‍ തന്നെ ഫോര്‍ഡ് കാര്‍ വാങ്ങിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഒരാള്‍ക്ക് പുതിയ എക്കോസ്പോര്‍ട്ട് എസ്.യു.വി ബംബര്‍ സമ്മാനമായി ലഭിക്കും.

എല്‍ഇഡി ടിവി, വാഷിങ് മെഷിന്‍, എയര്‍ പ്യൂരിഫയര്‍, മൈക്രോവേവ് ഓവന്‍, ഐ പാഡ്, ഐ ഫോണ്‍ 11, ഗോള്‍ഡ് കോയിന്‍, ലണ്ടിനിലേക്കുള്ള ഹോളിഡേ ട്രിപ്പ് വൗച്ചര്‍ എന്നീ സമ്മാനങ്ങളും ഈ സ്‌ക്രാച്ച് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഓഫര്‍ നല്‍കുന്ന ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ ഫോര്‍ഡ് ഡീലര്‍ഷിപ്പുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ തുറത്തുപ്രവര്‍ത്തിക്കും.

ഫിഗോ, ആസ്പയര്‍, ഫ്രീസ്‌റ്റൈല്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ തുടങ്ങി ഫോര്‍ഡ് ഇന്ത്യ നിരയിലെ മിക്ക മോഡലുകളും മിഡ്‌നൈറ്റ് സര്‍പ്രൈസ് ഓഫറിലുണ്ടെന്ന് ഫോര്‍ഡ് ഇന്ത്യയുടെ മാര്‍ക്കറ്റിങ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് റെയ്‌ന പറഞ്ഞു.

ഫോര്‍ഡിലേക്ക് പുതിയ ഉപഭോക്താക്കളെ പദ്ധതി വഴി അടുപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. നിലവില്‍ പുതിയ മോഡലുകളെയും ബിഎസ് VI പതിപ്പുകളെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫോര്‍ഡ്.