ഐക്കണിക്ക് അമേരിക്കൻ വാഹന നിര്‍മ്മാതാക്കളായ ഫോർഡ് തങ്ങളുടെ എസ്‌യുവി നിരയിലെ കിടിലന്‍ മോഡല്‍ റേഞ്ചർ റാപ്റ്ററിനെ ഇന്ത്യയില്‍ എത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാര്‍ടോഖ് ഉള്‍പ്പടെ ദേശീയ ഓട്ടോ മാധ്യമങ്ങളാണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്‍തത്. 

ഹരിയാന രജിസ്ട്രേഷനിലുള്ള സിൽവർ ഫോർഡ് റേഞ്ചർ റാപ്റ്റർ അടുത്തിടെ കാമറ കണ്ണുകളിൽ പതിയുക കൂടെ ചെയ്തതോടെ റേഞ്ചർ റാപ്റ്ററിന്റെ ഇന്ത്യ എൻട്രി ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആദ്യം ഒരു മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ഉപഭോക്തൃ അഭിപ്രായം തേടുന്നതിന്റെ ഭാഗമായാണ് ഹരിയാന രജിസ്ട്രേഷനിലുള്ള റേഞ്ചർ റാപ്റ്റർ ഇന്ത്യയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോർഡിന്റെ പ്രധാന എസ്‌യുവിയായ എൻഡവറിന്റെ പിക്ക് അപ്പ് വകഭേദമാണ് റേഞ്ചർ റാപ്‌റ്റർ. എൻഡേവറിനെക്കാള്‍ കൂടുതല്‍ സ്‍പോര്‍ട്ടിയാണ് വാഹനം. ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് നടുവിലായി വലിപ്പം കൂടിയ കറുത്ത പ്ലാസ്റ്റിക് ഘടകങ്ങൾ ചേർന്ന ഗ്രില്ലാണ് റാപ്‌റ്ററിന്. സ്‌പോർട്ടി ബമ്പറും വശങ്ങളിൽ വീൽ ആർച്ചുകൾക്ക് പ്ലാസ്റ്റിക് കവറിങ്ങും നൽകിയിട്ടുണ്ട്. മൂന്നാം നിരയ്ക്ക് പകരം ഫ്ലാറ്റ് ബെഡ് ആണ്. അതിന് പുറകിലായാണ് കുത്തനെയുള്ള റെയിൽ ലൈറ്റും 'റാപ്‌റ്റർ' ബാഡ്‌ജിംഗും ഉള്ള ടെയിൽ ഗേറ്റ്. ഇന്ത്യ-സ്പെക് മോഡലിന്റെ ടയറിന്റെ വലിപ്പവും എൻഡേവറിന് സമാനമാവാനാണ് സാധ്യത. അലോയ് വീലിന്റെ ഡിസൈനിലും മാറ്റമുണ്ടാകില്ല.

2.0 ലിറ്റർ എഞ്ചിൻ ആണ് ഓസ്ട്രേലിയ-സ്‌പെക്ക് ഫോർഡ് റേഞ്ചർ റാപ്‌റ്ററിന്‍റെ ഹൃദയം. 210.5 ബിഎച്ച്പിയും 500 എൻഎം പീക്ക് ടോർക്കും ഈ എഞ്ചിന്‍ നിർമ്മിക്കും. 168 ബിഎച്ച്പി പവറും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻഡേവറിലെ 2.0-ലിറ്റർ ഇക്കോബ്ലൂ ടർബോ-ഡീസൽ എഞ്ചിനെക്കാൾ പവറും ടോർക്കും കൂടുതലാണ് റേഞ്ചർ റാപ്‌റ്ററിലെ എഞ്ചിന്. പത്ത് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമായിരിക്കും പിക്ക് അപ്പ് ട്രക്ക് വില്പനക്കെത്തുക.

30 ശതമാനം അധിക ട്രാവലുള്ള ഫോക്സ് 2.5 ഇഞ്ച് ഓഫ് റോഡ് റേസിംഗ് കോയിലോവർ സസ്‌പെൻഷൻ ആണ് ഫോർഡ് റേഞ്ചർ റാപ്‌റ്ററിന്. എൻഡേവറിനേക്കാൾ പതിന്മടങ്ങ് മികച്ചതും കൂടുതൽ ശക്തമായ സസ്‌പെൻഷൻ സജ്ജീകരണം ആണിത്. നോർമൽ, ഗ്രാസ്-ഗ്രീവൽ-സ്നോ, മഡ്-സാൻഡ്, സ്‌പോർട്ട്, റോക്ക്, ബജ എന്നീ ആറ് ട്രാക്ഷൻ മോഡുകൾ വാഗ്ദാനം ചെയ്യുന്ന ടെറൈൻ മാനേജുമെന്റ് സിസ്റ്റമുള്ള എസ്‌യുവിക്ക് നാല് വീൽ ഡ്രൈവ് സംവിധാനവുമുണ്ട്.

എല്ലാ വർഷവും 2,500 യൂണിറ്റുകൾ ഇറക്കുമതി ചെയ്യാൻ നിർമ്മാതാക്കളെ അനുവദിക്കുന്ന ഇറക്കുമതി നിയമം ഫോർഡ് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വർഷം രണ്ടാം പകുതിയിൽ വാഹനം ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തും. എന്നിരുന്നാലും, ഇത് ഒരു സിബി‌യു (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) ആയതിനാൽ, വില 70 ലക്ഷം രൂപ വരെ ഉയരും. എന്നാൽ റേഞ്ചർ റാപ്‌റ്റർ ഇന്ത്യൻ വിപണിയിലെ ഒരു സവിശേഷ ഉൽപ്പന്നമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.