ഉപഭോക്താക്കള്‍ക്കായി സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ പുതിയ സംവിധാനവുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. ഉപയോക്താക്കള്‍ക്ക് ഡയല്‍ എ ഫോര്‍ഡ് സംവിധാനത്തിലൂടെ ഫോര്‍ഡ് ടീമുമായി ബന്ധപ്പെടാം. ഇതിന്റെ ഭാഗമായി ടെസ്റ്റ് ഡ്രൈവ്, ബുക്കിങ്ങ്, പുതിയ വാഹനത്തിന്റെ ഡെലിവറി എന്നീ സേവനങ്ങളും, സര്‍വീസിനായി പിക്ക്അപ്പ്-ഡ്രോപ്പ് സൗകര്യവും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സേവനവും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 18004193000-ആണ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍.

മുമ്പ് ഫോര്‍ഡ് വാഹനങ്ങളുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 15-നും മേയ് 30-നും ഇടയില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങളുടെ വാറണ്ടി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും ഫോര്‍ഡ് അറിയിച്ചു. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ സൗജന്യ സര്‍വീസ് ഒരുക്കുന്നുണ്ട്. 

കൊറോണ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യമന്ത്രാലയും നല്‍കിയിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോര്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 

ഡീലര്‍ഷിപ്പുകളും മറ്റും നിശ്ചിത സമയം ഇടവിട്ട് സാനിറ്റൈസ് ചെയ്തും ജീവനക്കാരും ഉപയോക്താക്കളും തമ്മില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിച്ചും ഫോര്‍ഡില്‍ എത്തുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കിയുമാണ് ഷോറൂമുകളിലും വര്‍ക്ക്‌ഷോപ്പുകളിലും സുരക്ഷയൊരുക്കിയിരിക്കുന്നത്.