Asianet News MalayalamAsianet News Malayalam

പിരിച്ചുവിട്ടു; മുതലാളിയുടെ 50 ബെൻസുകൾ ജെസിബി കൊണ്ട് തകര്‍ത്ത് തൊഴിലാളിയുടെ പ്രതികാരം!

നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച്​ ഇയാള്‍ അടിച്ചുതകർക്കുകയായിരുന്നു. 

Former employee wrecks 50 cars at Mercedes Benz factory
Author
Spain, First Published Jan 5, 2021, 1:02 PM IST

ജോലിയിൽനിന്ന്​ പിരിച്ചുവിട്ടപ്പെട്ട ആഡംബര വാഹന നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളി തകര്‍ത്തത് കമ്പനിയുടെ കോടികള്‍ വിലയുള്ള 50 പുത്തന്‍ കാറുകള്‍.​ സ്‌പെയിനിലെ വിറ്റോറിയയിലെ മെഴ്‌സിഡസ് പ്ലാന്‍റിലാണ്​ ഞെട്ടിപ്പിക്കുന്ന ഈ പ്രതികാര സംഭവം നടന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഷ്‍ടിച്ച കൂറ്റന്‍ ജെസിബി ഓടിച്ചെത്തി ബെൻസിന്‍റെ ഫാക്​ടറിയിൽ കടന്ന 38 കാരനായ തൊഴിലാളി​ പുതുതായി നിർമിച്ചിട്ടിരുന്ന 50 വി ക്ലാസ്​ ആഡംബര വാനുകൾ തകർക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  തകര്‍ത്തതില്‍ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ബെന്‍സിന്റെ മുന്തിയ മോഡലായ വി-ക്ലാസും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൊഡക്ഷൻ ലൈനിൽ നിന്ന്​ പുറത്തുവന്ന്​ ദിവസങ്ങൾ മാത്രമായ പുതുപുത്തൻ വി ക്ലാസുകളാണ്​ നശിപ്പിക്കപ്പെട്ടത്​. 

പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്​. മോഷ്​ടിച്ച കാറ്റർപില്ലർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു ഇയാളുടെ അതിക്രമം. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച്​ ഇയാള്‍ അടിച്ചുതകർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും അടങ്ങുന്ന കുറച്ചു തൊഴിലാളികൾ മാത്രമാണ്​ ഈ സമയം ഫാക്​ടറിയിൽ ഉണ്ടായിരുന്നത്​.  അതുകൊണ്ടു തന്നെ ആര്‍ക്കും പരിക്കില്ലെന്ന് സ്പാനിഷ് ഓട്ടോ ജേണലായ പീരിയോഡിസ്മോ ഡെൽ മോട്ടോർ റിപ്പോർട്ട് ചെയ്യുന്നു. സ്​പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബെൻസ്​ നിർമാണശാലയാണ്​ വിറ്റോറിയയിലേത്​.  

ജോലി സംബന്ധമായി കമ്പനിയുമായി ഉണ്ടായിരുന്ന പ്രശ്‌നമാണ് ആക്രമണത്തിന് കരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ 2016-17 കാലഘട്ടത്തില്‍ ഈ പ്ലാന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പുതുവർഷത്തിന്‍റെ തലേന്നാണ്​ തൊഴിലാളിയെ പിരിച്ചുവിട്ടതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്. 

ഒടുവില്‍ പൊലീസ് എത്തി ആകാശത്തേക്ക്​ വെടിവച്ചശേഷമാണ്​ അക്രമിയെ കീഴടക്കിയത്​. ജെസിബി മോഷ്ടിച്ചതിനും പ്ലാന്റില്‍ നാശനഷ്ടമുണ്ടാക്കിയതിനും തൊഴിലാളിയെ അറസ്റ്റ് ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  50 കാറുകൾ‌ പൂർണമായോ ഭാഗികമായോ തകർന്നതായി ഫാക്​ടറി അധികൃതർ പറയുന്നു. ഏകദേശം ആറ്​ മില്യൺ ഡോളർ അഥവാ 44 കോടി രൂപയോളമാണ് കണക്കാക്കുന്ന നഷ്​ടം. 

Follow Us:
Download App:
  • android
  • ios