അടുത്തകാലത്തായി നടക്കുന്ന പല റോഡപകടങ്ങളും സിസിടിവി ക്യാമറകളില്‍ പതിയാറുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

കര്‍ണാടകത്തിലെ ഒരു റോഡില്‍ നിന്നും പകര്‍ത്തിയ ഈ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും രണ്ടുമല്ല നാലു ബൈക്കുകളാണ് അപകടത്തിൽ പെട്ടതായി കാണുന്നത്. മുന്നിൽ പോയ ബൈക്കുകാരൻ വലത്തോട്ട് തിരിക്കാൻ ശ്രമിച്ചിട്ട് പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകടകാരണം. പുറകെ വന്ന മൂന്നു ബൈക്കുകളും ബ്രേക്ക് പിടിച്ചെങ്കിലും കൂട്ടിയിടി ഒഴിവാക്കാൻ സാധിച്ചില്ല.

ഒരു ബൈക്കിൽ മൂന്നു പേരുണ്ടായിരുന്നു. ഇങ്ങനെ നാലു ബൈക്കിലായി എത്തിയ ഒമ്പതു പേരും റോഡിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം. ആരും ഹെൽമെറ്റും ധരിച്ചിരുന്നില്ല. ഏറ്റവും മുന്നിൽ പോയ ബൈക്ക് യാത്രികന്റെ അശ്രദ്ധയാണ് അപകടത്തിന് വഴിവച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.