Asianet News MalayalamAsianet News Malayalam

പുതിയ പാലത്തിലെ വിടവില്‍ പൊലിഞ്ഞ് നവവരന്‍റെ ജീവന്‍, കുടുങ്ങുമോ കരാറുകാരന്‍?

പുതിയ പാലത്തിലെ വിടവ് യുവാവിന്‍റെ ജീവനെടുത്തു.  ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ്  ഈ വർഷത്തിന്റെ തുടക്കത്തിൽ, ദേശീയപാത അതോറിറ്റി (NHAI) പുറത്തിറക്കിയ ഒരു പുതിയ നിയമം

Gap on a new bridge turns villain and newly wed man loss his life in road accident
Author
Kottayam, First Published Nov 8, 2021, 1:31 PM IST

കോട്ടയത്ത് (Kottayam) പാലത്തിലെ വിടവിൽ വീണ് നിയന്ത്രണം നഷ്‍ടമായ ഓട്ടോറിക്ഷയില്‍ ബസിടിച്ചു നവവരന്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. എം സി റോഡിൽ (MC Road) നീലിമംഗലത്ത്‌ (Neelimangalam Bridge) പുതുതായി പണിത പാലത്തിലെ വിടവാണ് യുവാവിന്‍റെ ജീവനെടുത്തത്. ഞായറാഴ്‍ച പുലർച്ചെ 5.45-ന് ഈ പാലത്തിലെ വിടവിൽവീണ് നിയന്ത്രണം നഷ്‍ടമായ ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിൽ ഇടിച്ചായിരുന്നു അപകടം. കടുത്തുരുത്തി (Kaduthuruthy) മുട്ടുചിറ ഇരവിമംഗലം ഇലവത്തിൽ രഞ്ജിൻ സെബാസ്റ്റ്യൻ എന്ന ഉണ്ണി (28) ആണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ്  ഈ വർഷത്തിന്റെ തുടക്കത്തിൽ, ദേശീയപാത അതോറിറ്റി (NHAI) പുറത്തിറക്കിയ ഒരു പുതിയ നിയമം.

മോശം റോഡുകൾ നിർമ്മിക്കുന്ന കരാറുകാര്‍ക്കെതിരെ പിഴ ചുമത്താൻ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നയം.  കരാറുകാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഈ നയം ഉറപ്പാക്കുന്നു. ഈ നിയമം അനുസരിച്ച് നിലവാരം കുറഞ്ഞ റോഡുകള്‍ മൂലമുള്ള അപകടങ്ങള്‍ ആണെങ്കിൽ കരാറുകാര്‍ക്കെതിരെ പിഴ ഈടാക്കാൻ എൻഎച്ച്എഐക്ക് കഴിയും. ഒരുകോടി രൂപ മുതൽ 10 കോടി രൂപ വരെ പിഴയിനത്തില്‍ ഈടാക്കാം.

ഈ നയം അനുസരിച്ച്  ഭാവിയിലെ പ്രോജക്ടുകളില്‍ നിന്ന് കരാറുകാരെ മൂന്ന് വർഷത്തേക്ക് വിലക്കാനും എൻഎച്ച്എഐക്ക് സാധിക്കും. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കരാറുകാർ വഹിക്കണം.  റോഡ് പണികളിൽ ഏർപ്പെട്ടിരിക്കുന്ന കൺസൾട്ടന്‍റുകള്‍ക്കും ഈ നിയമം ബാധകമാണ്. റോഡിന്‍റെ ഉപരിതലം തകർന്ന് അപകടമുണ്ടായാൽ, അവരും പിഴ അടയ്‌ക്കേണ്ടിവരും. കൂടാതെ വരാനിരിക്കുന്ന റോഡ് പദ്ധതികളിൽ നിന്ന് അവരെയും വിലക്കും. അപകടത്തിൽ മരണം സംഭവിക്കുകയാണെങ്കിൽ, കൺസൾട്ടൻസി സ്ഥാപനത്തെ രണ്ട് വർഷത്തേക്ക് ഡീബാർ ചെയ്യാം. ഇവർ 40 ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരും. സ്ഥാപനത്തിലെ പ്രധാന ഉദ്യോഗസ്ഥരെ മൂന്ന് വർഷത്തേക്ക് എൻഎച്ച്എഐയിൽ പ്രവർത്തിക്കാനും അനുവദിക്കില്ല. മോശം റോഡുകൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ഈ നീക്കം. 

ഓരോ വർഷവും രാജ്യത്തെ റോഡുകളുടെ സ്ഥിതി കൂടുതൽ മോശമാവുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ചെന്നൈയിൽ മാത്രം 11,000-ത്തിലധികം റോഡുകൾ കുഴികളുള്ളതാണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ വിള്ളലുകൾ, പുതിയ കുഴികൾ, വെള്ളം കയറൽ, പൈപ്പ് ചോർച്ച, റോഡുകളിലെ മോശം പാച്ചുകൾ എന്നിവ കാരണം 2,320 അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കണ്കകുകള്‍. ഈ അപകടങ്ങൾ കാരണം 520 പേർ മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ചുള്ള കാര്‍ ടോഖ് റിപ്പോർട്ട് പറയുന്നു. നിര്‍മ്മാണച്ചെലവ് ലാഭിക്കുന്നതിനായി അസംസ്‍കൃത വസ്‍തുക്കളുടെ ഗുണനിലവാരത്തില്‍ പലപ്പോഴും വിട്ടുവീഴ്‍ച ചെയ്യുന്നതാണ് റോഡ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇതുമൂലം, റോഡുകൾ വളരെ വേഗം തകരാൻ തുടങ്ങുന്നു, ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ മുകളിലെ പാളി രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന ബിറ്റുമിന്റെ അനുപാതത്തില്‍ കുറവുവരുത്തുന്നതും റോഡുകള്‍ തകരുന്നതിന്‍റെയും ഇതുമൂലമുള്ള അപകടത്തിന്‍റെയും മുഖ്യ കാരണമാണ്. 

ഇനി യുവാവിന്‍റെ ജീവന്‍ നഷ്‍ടമാക്കിയ കോട്ടയത്ത അപകടത്തിലേക്ക് തിരികെ വരികയാണെങ്കില്‍,  2016-ലാണ്‌ ഈ പാലം പണി പൂർത്തിയാക്കിയത്‌. നിർമാണം പൂർത്തിയാക്കിയശേഷം പാലം വിവാദത്തിലായി. ബലക്ഷയമുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന്‌ പാലം തുറന്നുനൽകേണ്ടെന്ന്‌ തീരുമാനിച്ചു. ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനി പരിശോധന നടത്തുകയും നേരിയ വളവുകണ്ടെത്തുകയും ചെയ്‍തു. പിന്നീട്‌ ചെന്നൈ ഐ.ഐ.ടി.യിലെ വിദഗ്‌ധസംഘം പരിശോധിക്കാന്‍ എത്തി. പാലത്തിന് അനുകൂലമായി പഠന റിപ്പോർട്ടും വന്നു.  ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലായില്‍ പുതിയ പാലം തുറക്കുകയും ചെയ്‍തു. 

കോട്ടയം നഗരത്തിൽ ഇറച്ചി എത്തിച്ചുകൊടുത്തിട്ട് വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു ഓട്ടോഡ്രൈവറായ രഞ്ജിൻ. പുതിയ പാലത്തിലെ വിടവിൽ ചാടി നിയന്ത്രണം നഷ്‍ടപ്പെട്ട ഓട്ടോറിക്ഷയും എതിർദിശയിലെത്തിയ കെഎസ്ആർടിസിബസും ഇടിക്കുകയായിന്നു. ഓട്ടോറിക്ഷ പൂർണമായി തകർന്നു. നാട്ടുകാരാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽനിന്ന്‌ യുവാവിനെ പുറത്തെടുത്തത്. ബസിന്റെ മുൻഭാഗവും തകർന്നു. 

പരേതനായ സെബാസ്റ്റ്യന്റെയും ലൂസിയുടെയും മകനാണ് രഞ്ജിൻ മുട്ടുചിറയിലെ ഓട്ടോഡ്രൈവറായ രഞ്ജിൻ.  സെപ്റ്റംബർ 16-നായിരുന്നു രഞ്ജിന്റെയും ആലപ്പുഴ സ്വദേശിനിയായ സോനയുടെയും വിവാഹം. അടുക്കളകാണാല്‍ ചടങ്ങിന് ഞായറാഴ്‍ച ഭാര്യയുടെ ബന്ധുക്കൾ എത്താനിരിക്കെയാണ്‌ രഞ്ജിന്റെ മരണം. കോട്ടയം നഗരത്തിലടക്കം ഓട്ടോറിക്ഷയിൽ ഇറച്ചി വിതരണംചെയ്യുന്ന ജോലിയാണ് രഞ്ജിന്. ഞായറാഴ്‍ച ബന്ധുവീട്ടുകാർ എത്തുന്നതിനാൽ പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാൽ, പകരം ഓട്ടം പോകാൻ മറ്റൊരാളെ കിട്ടിയില്ല. അതിനാല്‍ രഞ്ജിൻതന്നെ ഓട്ടോയുമായി പോകാന്‍ നിർബന്ധിതനാകുകയായിരുന്നു. നഗരത്തില്‍ എത്തി ഇറച്ചി നൽകിയ ശേഷം വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ് നീലിമംഗലം പാലത്തിലെ വിള്ളൽ വില്ലനായത്.  


 

Follow Us:
Download App:
  • android
  • ios