ഒരു പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് പ്രതിദിനം വെറും 711 രൂപയ്ക്ക് വീട്ടിലെത്തും
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന കാര്‍ ലീസിങ്ങ് പദ്ധതി അടുത്തിടെയാണ് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഗുരുഗ്രാം നഗരങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതി ഏറെ ആകര്‍ഷകമാണ്.
24, 36, 48 മാസത്തെ പാട്ടക്കാലാവധിയോടെയാണ് മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പദ്ധതി തുടങ്ങുന്നത്.
അരീന, നെക്സ ഔട്ട്‌ലെറ്റുകൾ മുഖേന മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം ഏതു മോഡലും ഇങ്ങനെ വാടയകയ്ക്ക് എടുക്കാം. അരീന ശ്രേണിയിൽ സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, വിറ്റാര ബ്രേസ തുടങ്ങിയവയാണു പാട്ടത്തിനു ലഭിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം പുതിയ കാർ കൈമാറും.
ഈ പദ്ധതി അനുസരിച്ച് ഗുരുഗ്രാമിലെ ഉപഭോക്താക്കൾക്ക് പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്ക് VXi മാനുവൽ പതിപ്പ് ലീസിന് വീട്ടിലെത്തിക്കാന്‍ 48 മാസത്തേക്ക് 21,344 രൂപയാണ് പ്രതിമാസ നിരക്ക്. അതായത് ഒരു പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് പ്രതിദിനം വെറും 711 രൂപയ്ക്ക് വീട്ടിലെത്തുമെന്ന് ചുരുക്കം. എന്നാല്‍ ബംഗളൂരുവിൽ എത്തുമ്പോള്‍ ഈ നിരക്ക് അൽപ്പം കൂടും. പുതിയ മാരുതി സ്വിഫ്റ്റിനായി 48 മാസത്തെ ലീസിംഗ് പദ്ധതി അനുസരിച്ച് 22,591 രൂപ നല്‍കണം ബംഗളൂരുകാര്‍. അതായത് പ്രതിദിനം 753 രൂപ.
48 മാസത്തെ പാട്ടക്കാലാവധി കണക്കനുസരിച്ച് വിവിധ മാരുതി മോഡലുകളുടെ പ്രതിമാസ/ പ്രതിദിന നിരക്കുകള്‍ ഇങ്ങനെ. ഡിസയർ പ്രതിമാസം 24,249 രൂപ (പ്രതിദിനം 808 രൂപ), ബ്രെസ 29,929 രൂപ (പ്രതിദിനം 1,000 രൂപയിൽ), എർട്ടിഗ 30,131 രൂപ (പ്രതിദിനം 1,000 രൂപയിൽ). ബലേനോയ്ക്ക് പ്രതിമാസം 23,914 രൂപ (പ്രതിദിനം 797 രൂപ), സിയാസ് 31,513 രൂപ (പ്രതിദിനം 1,050 രൂപ).
മാരുതി സുസുക്കി സബ്‌സ്‌ക്രൈബിനു കീഴിലുള്ള ഏറ്റവും ചെലവേറിയ ഓപ്ഷൻ ആൽഫ മാനുവൽ പതിപ്പിലുള്ള XL6 ആണ്. 48 മാസ കാലയളവിൽ, ഗുരുഗ്രാമിൽ വാഹനത്തിന്റെ ലീസംഗ് നിരക്ക് പ്രതിമാസം 36,860 രൂപയാണ്. അതായത് പ്രതിദിനം 1,213 രൂപ നല്‍കണം.
ജപ്പാൻ ആസ്ഥാനമായുള്ള ഒറിക്സ് കോർപ്പറേഷന്റെ കീഴിലുള്ള ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചറിന്റെ പങ്കാളിത്തത്തോടെ ആണ് മാരുതി സുസുക്കി ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇൻഷുറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ചെലവുകളും ലീസിങ് പങ്കാളിയായ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡ് വഹിക്കും. പാട്ടക്കാലാവധിക്കിടെ വാഹനം അപകടത്തിൽ പെടുകയാണെങ്കിൽ, ഉപഭോക്താവിന് അശ്രദ്ധമായ ഡ്രൈവിംഗ് (ഇൻഷുറൻസ് ഏജൻസി നിർണ്ണയിക്കുന്നത്) അല്ലാതെ ഒന്നും നൽകേണ്ടതില്ല. ടോൾ, പാർക്കിംഗ് ഫീസ്, ഫാസ്റ്റാഗ് റീചാർജ് തുടങ്ങിയവ സ്‍കീമിന് കീഴിൽ വരില്ല.
മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം കാറുകൾ വാടകയ്ക്കു ലഭിക്കണം എങ്കിൽ 25നു മുകളിൽ പ്രായവും, ഇന്ത്യയിൽ സ്ഥിര താമസമാക്കാരും ആയിരിക്കണം. ഡ്രൈവിങ് ലൈസൻസിനു പുറമെ വായ്പ വിതരണത്തിനായി ബാങ്കുകൾ പരിഗണിക്കുന്ന സിബിൽ സ്‍കോർ എഴുനൂറിനു മുകളിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
വില്‍പ്പന ഇടിവിനെ നേരിടാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമായാണ് ലീസിങ്ങ് പദ്ധതി. ദക്ഷിണ കൊറിയിന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷം ഈ സേവനം അവതരിപ്പിച്ചിരുന്നു. എംജി മോട്ടോര്‍ ഇന്ത്യ, ഫോക്സ് വാഗണ്‍ തുടങ്ങിയ കമ്പനികളും കാര്‍ ലീസിംഗുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വാഹനം ലീസിന് നല്‍കുന്ന പരിപാടി മാരുതി സുസുക്കിയെ സംബന്ധിച്ച് പുതിയതല്ല. കോർപ്പറേറ്റുകളെ ലക്ഷ്യമിട്ട് സമാനമായ ഒരു പദ്ധതി കമ്പനിക്ക് നേരത്തെ ഉണ്ടായിരുന്നു, പക്ഷേ ക്ലച്ച് പിടിച്ചില്ലെന്നു മാത്രം.
എന്നാല്‍ പുതിയ പദ്ധതി ജനകീയമായി മുന്നേറുമെന്നു തന്നെയാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ആദ്യഘട്ടം വിജയകരമായാൽ തങ്ങളുടെ ചെറുവാഹനങ്ങളിലേക്കും രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്കുമൊക്കെ ഈ ലീസിംഗ് പിരാപടി മാരുതി സുസുക്കി വ്യാപിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
