ഇടിപരീക്ഷണത്തിന്‍റെ ആറുവര്‍ഷങ്ങള്‍, ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വണ്ടി ഇതെന്ന് ഈ ഏജന്‍സി!
ഗ്ലോബൽ NCAP സുരക്ഷാ റാങ്കിംഗിൽ ഒന്നാമതെത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ XUV300. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ഈ കോംപാക്‌ട് എസ്‌യുവി നേടിയെടുത്തത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്‌തമായ സുരക്ഷാ അക്രഡിറ്റേഷൻ ബോഡിയാണ് ഗ്ലോബൽ NCAP എന്നറിയപ്പെടുന്ന ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം. തുടർച്ചയായ ആറാം വർഷമാണ് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് നടത്തുന്നത്. 2014 മുതൽ ഇതുവരെ 38-ൽ അധികം വാഹനങ്ങളുടെ സുരക്ഷാ വിലയിരുത്തലുകൾ GNCAP പൂർത്തിയാക്കിയിട്ടുണ്ട്.

പരീക്ഷിച്ച എല്ലാ മോഡലുകളിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് നേടിയെടുക്കാൻ മഹീന്ദ്രയുടെ ഇന്ത്യൻ നിർമിത എസ്‌യുവിയായ XUV300-ന് സാധിച്ചെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്‍താവനയിൽ വിശദമാക്കുന്നു. മുതിർന്നവരുടെ സംരക്ഷണത്തിനായി 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിനായി 4-സ്റ്റാർ റേറ്റിംഗുമാണ് വാഹനം സ്വന്തമാക്കിയത്.

2019 ഫെബ്രുവരി 14നായിരുന്നു എക്സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോളിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്. എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. 

ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ വാഹനത്തിന് ഗ്ലോബല്‍ NCAP നല്‍കുന്ന സേഫര്‍ ചോയിസ് അവാര്‍ഡും നേരത്തെ വാഹനത്തെ തേടിയെത്തിയിരിക്കുന്നു. ഗ്ലോബല്‍ എന്‍-ക്യാപ് ഈ വര്‍ഷം ആരംഭിച്ച അവാര്‍ഡ് പ്രോഗ്രാം ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പ്രഖ്യാപിച്ചത്. ശക്തമായ സുരക്ഷയൊരുക്കുന്ന ഇന്ത്യന്‍ വാഹനങ്ങളില്‍ മഹീന്ദ്ര എക്‌സ്‌യുവി 300 അടുത്തിടെ ടാറ്റ നെക്‌സോണിനെ പിന്നിലാക്കിയിരുന്നു. ഇതോടെയാണ് ഈ വാഹനത്തെ തേടി ഈ അംഗീകാരം എത്തിയത്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാര്‍ക്ക് ഉറപ്പാക്കുന്ന സുരക്ഷ എന്നിവ പരിഗണിച്ചായിരുന്നു അവാര്‍ഡ്. 

എക്‌സ്‌യുവി 300-ന്റെ ബിഎസ്6 പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനിൽ XUV300 തെരഞ്ഞെടുക്കാൻ സാധിക്കും. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 8.30 ലക്ഷം രൂപയിലാണ് മഹീന്ദ്ര XUV300-ന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി വിറ്റാര  ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍ എന്നീ മോഡലുകളാണ് ആഭ്യന്തര വിപണിയില്‍ ഈ വാഹനത്തിന്റെ എതിരാളികള്‍.

അധികം വൈകാതെ XUV 300ന്റെ ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ XUV300-ന്റെ ഇവി പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഒപ്പം വാഹനത്തിന്‍റെ പെര്‍ഫോമെന്‍സ് പതിപ്പും  കൂടാതെ XUV300 സ്‌പോര്‍ട്‌സ് T-GDI പതിപ്പിനെയും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലുമാണ് കമ്പനി.