വാഹനവിപണിയിലെ തകര്‍ച്ച തുടര്‍ക്കഥയാകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകളും നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ വാഹനവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വാഹനങ്ങളുടെയും റോഡ് നികുതിയില്‍ വന്‍ കുറവ് വരുത്തിയിരിക്കുകയാണ് ഗോവ.

സംസ്ഥാനത്ത് ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും നികുതി നേര്‍പകുതിയായി കുറച്ചിരിക്കുകയാണ് ഗോവന്‍ സര്‍ക്കാര്‍. മൂന്നുമാസത്തേക്കാണ് ഈ പദ്ധതി. സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം ഉറപ്പുനല്‍കിയത്. കാറുകള്‍ക്ക് വിലയുടെ 9 മുതല്‍ 13 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ക്ക് വിലയുടെ  9 മുതല്‍ 15 ശതമാനവുമാണ് നിലവിലെ നികുതി. ഇനിമുതല്‍ ഇതിന്‍റെ നേര്‍പകുതി നല്‍കിയാല്‍ മതിയാകും. അതായത് അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 9 ശതമാനം നിരക്കില്‍ 45000 രൂപ നല്‍കണം. സര്‍ക്കാരിന്‍റെ പുതിയ ഓഫറനുസരിച്ച് ഇത് 22500 ആയി കുറയും. ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് സര്‍ക്കാരിന്‍റെ ഈ ഓഫര്‍ ലഭിക്കുക.