ദില്ലി: ഡൽഹി – തിരുവനന്തപുരം പ്രത്യേക ട്രെയിൻ മഡ്‍ഗാവിൽ നിർത്തരുതെന്ന് ഗോവ സർക്കാർ റെയിൽവേയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഗോവയിൽ ഈ ട്രെയിനിൽ എത്തിയ 20 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. 

എന്നാല്‍ കേരളത്തിൽ നിന്നു തിരികെയുള്ള ട്രെയിൻ നിർത്താമെന്നും റെഡ് സോൺ ആയ ദില്ലിയിൽ നിന്നുള്ളതു നിര്‍ത്തരുതെന്നുമാണു ഗോവയുടെ നിർദേശം എന്നാണ് സൂചന. അതേസമയം, മഡ്‍ഗാവിൽ നിർത്തേണ്ടെന്ന നിർദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. 

ഇന്നലെ ട്രെയിൻ മഡ്ഗാവിൽ നിർത്തിയിരുന്നു. ഗോവയിൽ നിന്നും കോഴിക്കോട്ടേക്കും മറ്റും ടിക്കറ്റ് എടുക്കുന്നതിനു തടസ്സമുണ്ടെന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകള്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.