രാജ്യത്തെ ഏറ്റവും വലിയ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങള്‍ക്കു വേണ്ടി ബ്രേക്കുകള്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനം. സംസ്ഥാന പൊതുമേഖല ഫെറസ് ഫൗണ്ടറി നിര്‍മ്മാണ യൂണിറ്റായ ഓട്ടോകാസ്റ്റ് ലിമിറ്റഡിനാണ് മാരുതിയുടെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

മാരുതി സുസുക്കിയില്‍ നിന്നുള്ള 1.43 കോടി രൂപയുടെ ആദ്യ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞതായും 25,000 യൂണിറ്റുകളാണ് ഇതു പ്രകാരം നല്‍കേണ്ടതെന്നും മന്ത്രി വ്യക്തമാക്കുന്നു. ഓട്ടോകാസ്റ്റിന്റെ ബ്രേക്കുകളുടെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിച്ച ശേഷമുള്ള രണ്ടാം ഘട്ട പരിശോധനകൂടി പൂര്‍ത്തിയാക്കിയാകും വിതരണം. ഗുണനിലവാരമുള്ള കാസ്റ്റിങ്ങുകള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട ഓട്ടോകാസ്റ്റിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുകയാണെന്നും മന്ത്രി പറയുന്നു. 

ചരക്ക് ട്രെയിനുകള്‍ക്കാവശ്യമായ കാസ്‌നബ് ബോഗികള്‍ വിതരണത്തിന് തയ്യാറാവുന്നതായും ദക്ഷിണ റെയില്‍വേ, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ തന്ത്രപ്രധാനമായ കാസ്റ്റിങ്ങുകള്‍ സ്ഥാപനം വികസിപ്പിച്ച് നല്‍കുന്നുണ്ടെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിപണി കണ്ടെത്തുന്നതിനെടുത്ത വിവിധ നടപടികളും ഓട്ടോകാസ്റ്റ് ലിമിറ്റഡിന് മുതല്‍കൂട്ടായെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കുന്നു. 

സംസ്ഥാന പൊതുമേഖല ഫെറസ് ഫൗണ്ടറി നിര്‍മ്മാണ യൂണിറ്റായ ഓട്ടോകാസ്റ്റ് ലിമിറ്റഡ് വീണ്ടും പുതിയ ചരിത്രം കുറിച്ചിരിക്കുന്നു....

Posted by E.P Jayarajan on Friday, 11 December 2020