Asianet News MalayalamAsianet News Malayalam

ടയറുകളില്‍ ഇനി 'സാദാ കാറ്റ്' വേണ്ട, നൈട്രജന്‍ നിര്‍ബദ്ധമാക്കാന്‍ കേന്ദ്രം!

രാജ്യത്തെ വാഹനങ്ങളില്‍ സിലിക്കണ്‍ ടയറുകളും ഈ ടയറുകളില്‍ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാനും കേന്ദ്രസര്‍ക്കാര്‍ 

Govt Plans To Make Silicon Tyre And Nitrogen To Prevent Accidents Says Nithin Gadkari
Author
Delhi, First Published Jul 10, 2019, 3:49 PM IST

ദില്ലി: രാജ്യത്തെ വാഹനങ്ങളില്‍ സിലിക്കണ്‍ ടയറുകളും ഈ ടയറുകളില്‍ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. രാജ്യസഭയിലാണ് ഗഡ്‍കരി ഇക്കാര്യം അറിയിച്ചത്. 

ദില്ലിയിൽ നിന്നും ആഗ്രയിലേക്കുള്ള യമുന അതിവേഗപാതയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാഹനാപകടം കുറയ്ക്കുന്നതിനായി സിലിക്കൺ ചേർത്ത ഗുണമേന്മയുള്ള ടയറും അതിൽ സാധാരണ കാറ്റിനു പകരം നൈട്രജൻ നിറയ്ക്കുന്നതും നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. 

ചൂടു കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നതു തടയാനാണ് സിലിക്കൻ മിശ്രിത ടയറിൽ വായുവിനു പകരം നൈട്രജൻ നിറയ്ക്കുന്നത്. വിദേശരാജ്യങ്ങളുടെ മാതൃകയിൽ ടയർ നിർമിക്കുമ്പോൾ റബ്ബറിനൊപ്പം സിലിക്കണും ചേർക്കുന്നത് നിർബന്ധമാക്കാനാണ് നീക്കം. ദില്ലി ഗ്രേറ്റർ നോയിഡയിൽ നിന്ന് ആഗ്ര വരെയുള്ള അതിവേഗ പാതയുടെ ഭൂരിഭാഗം പ്രതലവും കോൺക്രീറ്റാണ്. അതുകൊണ്ടുതന്നെ ചൂടുകാലത്ത് വാഹനങ്ങളുടെ ടയർ പൊട്ടിയുള്ള അപകടങ്ങൾ കൂടുതലാണ്. 2016-ൽ 133 പേരും 2017-ൽ 146 പേരും കഴിഞ്ഞവർഷം 11 പേരുമാണ് ഇവിടെ അപകടത്തിൽ മരിച്ചത്. പുതിയ സംവിധാനത്തിലൂടെ ഇത്തരം അപകങ്ങല്‍ കുറയ്‍ക്കാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. 

തമിഴ്‍നാട്ടിൽ റോഡപകടങ്ങൾ കുറഞ്ഞെന്നും ഉത്തർപ്രദേശിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ റോഡപകടങ്ങല്‍ നടക്കുന്നതെന്നും വ്യക്തമാക്കിയ മന്ത്രി രാജ്യത്തെ 30 ശതമാനം ലൈസൻസുകളും വ്യാജമാണെന്നും പറഞ്ഞു. ഇതിനെതിരെ നിയമം കൊണ്ടുവരുമെന്നും 25 ലക്ഷം വിദഗ്ധ ഡ്രൈവർമാരുടെ കുറവ് ഇന്ത്യയിലുണ്ടെന്നും ഇതു നികത്താന്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

റോഡപകടങ്ങൾ കുറയ്ക്കാനായി 14,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും റോഡ് സുരക്ഷ സംബന്ധിച്ച ബിൽ പാർലമെന്റിലുണ്ടെന്നും അതു പാസാക്കാൻ പ്രതിപക്ഷം സഹായിക്കണമെന്നും നിതിൻ ഗഡ്‍കരി രാജ്യസഭയില്‍ അഭ്യർഥിച്ചു. 

Follow Us:
Download App:
  • android
  • ios