ലൈഫ് സ്റ്റൈൽ ബ്രാൻഡായ ഗോസീറോ മൊബിലിറ്റിയും ബ്രിട്ടീഷ് ഇലക്ട്രിക് ബൈക്കും ചേർന്ന് പുതിയ പെർഫോമൻസ് ഇ-ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്കെല്ലിംഗ്, സ്കെല്ലിംഗ് ലൈറ്റ്, സ്കെല്ലിംഗ് പ്രോ എന്നി മൂന്ന് മോഡലുകളാണ് എത്തിയിരിക്കുന്നതെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് യഥാക്രമം 19,999 രൂപ, 24,999 രൂപ, 34,999 രൂപ എന്നിങ്ങനെയാണ് വില.

ഗ്രേറ്റ് ബ്രിട്ടനിൽ രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമിച്ചതാണ് പുതിയ സൈക്കിളുകളെന്നും ഇന്തോ-ബ്രിട്ടീഷ് ക്രാഫ്റ്റ്മാൻഷിപ്പിന്റെ മികച്ച മിശ്രിതമാണ് ഇ-ബൈക്കുകളെന്നും കമ്പനി അവകാശപ്പെടുന്നു. 

പരമാവധി 25 കിലോമീറ്റർ വേഗത സ്‌കെല്ലിംഗ്, സ്‌കെല്ലിംഗ് ലൈറ്റിൽ ലഭിക്കും. 210 വാട്ട് മണിക്കൂർ ലിഥിയം ബാറ്ററി പായ്ക്കും 250 വാട്ട് ഡ്രൈവ് മോട്ടോറുമാണ് ബൈക്കുകളിലുള്ളത്. ഒരൊറ്റ ചാർജിൽ 25 കിലോമീറ്റർ പരിധിയാണിത് നൽകുന്നത്. 

സ്‌കെല്ലിംഗ്, സ്‌കെല്ലിംഗ് പ്രോ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. സ്‌കെല്ലിംഗ് ലൈറ്റ് കമ്പനി വെബ്‌സൈറ്റിലൂടെയും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും വിൽപ്പനയ്ക്ക് എത്തും. നവംബർ എട്ടു മുതൽ കമ്പനി സ്‌കെല്ലിംഗ് സീരീസിന്റെ പ്രീ-ഓർഡറുകളും നവംബർ 12 മുതൽ ആമസോൺ ഓർഡറുകളും സ്വീകരിക്കും. തുടർന്ന് നവംബർ 25 മുതൽ ഇ-ബൈക്കുകൾക്കായുള്ള ഡെലിവറിയും ആരംഭിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.